Kerala

അടിക്കടിയുള്ള ഉപതിരഞ്ഞെടുപ്പ്; വലഞ്ഞ് കരുളായി പഞ്ചായത്തിലെ ചക്കിട്ടാമലക്കാർ

കരുളായി: മലപ്പുറത്തെ ചക്കിട്ടാമലയിലെ ജനങ്ങൾ തു‌ടർച്ചയായി കൈയിലെ മഷി ഉണങ്ങും മുൻപ് വോട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അടിക്കടിയുള്ള ഉപതിരഞ്ഞെടുപ്പുകൾ കാരണം വലഞ്ഞിരിക്കുകയാണ് കരുളായി പഞ്ചായത്തിലെ ചക്കിട്ടാമലക്കാർ. നിലവിലെ പഞ്ചായത്തംഗമായിരുന്ന കെ സുന്ദരൻ്റെ മരണമാണ് ഇത്തവണ ചക്കിട്ടാമലക്കാർ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ എത്താൻ കാരണം.

ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പുതുക്കൽ നടപടികൾ അവസാനഘട്ടത്തിലെത്തിനിൽക്കെയാണ് ഇവരുടെ നിയമസഭാംഗമായ നിലമ്പൂർ എം എൽ എ പി വി അൻവർ രാജിവെച്ചത്. അതോടെ ആറുമാസത്തിനകം മറ്റൊരു ഉപതിരഞ്ഞെടുപ്പിലും ഇവർക്ക് വോട്ട്‌ ചെയ്യേണ്ടിവരും.

2024 ഏപ്രിലിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ലോക്സഭാം​ഗം രാഹുൽഗാന്ധി രാജിവെച്ചത്. ഈ സംഭവത്തിന് മുൻപ് തിരഞ്ഞെടുക്കപ്പെട്ട വാർഡംഗം ജിതിൻ വണ്ടൂരാൻ രാജിവെച്ചതിനെ തുടർന്ന് 2023 ഫെബ്രുവരി 28-ന് ഇതേ വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. എട്ടു മാസത്തിനകം ഗ്രാമപ്പഞ്ചായത്ത്, നിയമസഭ, ലോക്‌സഭ എന്നിവിടങ്ങളിലേക്കാണ് ചക്കിട്ടമലക്കാർക്ക് വോട്ട്‌ ചെയ്യേണ്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും മറ്റുള്ളവ അടുത്തടുത്തുതന്നെയുണ്ടായേക്കും.

ഈ ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞ് ആറു മാസമാകുമ്പോഴേക്കും അടുത്ത ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനും സമയമാകും. ഇത്തരത്തിൽ തിരഞ്ഞെടുപ്പുകൾക്കായി അടുത്തടുത്ത് വരുന്ന പെരുമാറ്റച്ചട്ടം പഞ്ചായത്തിന്റെ പദ്ധതിനിർവഹണത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.