തിരുവനന്തപുരം: കേരളം ഞെട്ടിയ പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാറും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിയാത്തതിനാൽ കേസിൽ ഗ്രീഷ്മയുടെ അമ്മയെ കോടതി കുറ്റവിമുക്തയാക്കി. കേസിൽ രണ്ടാം പ്രതിയായിരുന്നു ഗ്രീഷ്മയുടെ അമ്മ സിന്ധു. കേസിലെ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.
ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി പ്രഖ്യാപിച്ചു. ഷാരോണിനെ തട്ടിക്കൊണ്ട് പോയി, ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി, ഗ്രീഷ്മ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. അമ്മാവൻ നിർമ്മൽ കുമാറിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ. ഗ്രീഷ്മയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിൽ തൃപ്തിയുണ്ടെന്നായിരുന്നു ഷാരോണിൻ്റെ കുടുംബത്തിൻ്റെ പ്രതികരണം. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതെന്നും കുടുംബം ആവശ്യപ്പെട്ടു. മൂന്ന് പേരെയും ശിക്ഷിക്കണമെന്നായിരുന്നു ഷാരോണിൻ്റെ അമ്മയുടെ ആവശ്യം.
കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് സൈനികൻ്റെ വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പദ്ധതിയിടുകയായിരുന്നു. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു.
ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസ്ത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു.
2023 ജനുവരി 25നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്.
Add Comment