അമേരിക്കൻ പ്രസിഡന്റ് ആയി ഔദ്യോഗികമായി അധികാരത്തിൽ ഏറാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തന്റെ പേരിലുള്ള ക്രിപ്‌റ്റോകറൻസി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. ട്രംപ് മീം കോയിൻ എന്ന് പേരിട്ടിരിക്കുന്ന കോയിൻ ഔദ്യോഗികമായി ലോഞ്ച് ചെയ്തതിന് പിന്നാലെ 220 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്.
1 ബില്ല്യൺ മൂല്യത്തിനുള്ള കോയിനുകളാണ് പുറത്തിറക്കിയിരുന്നത്. എന്നാൽ മണിക്കൂറുകൾ കൊണ്ട് നിലവിലുള്ള കോയിനുകളുടെ മൂല്യം 4.4 ബില്ല്യൺ ആയി മാറി. 0.18 ഡോളറായിരുന്നു ഒരു ട്രംപ് കോയിന്റെ വില. എന്നാൽ ഇത് വർധിച്ച് നിലവിൽ 7.1 ഡോളറാണ് ഒരു ട്രംപ് കോയിന്റെ വില.
പ്രചാരണ റാലിക്കിടെ തനിക്കെതിരെ ഉണ്ടായ കൊലപാതക ശ്രമത്തിന് പിന്നാലെ ട്രംപ് ഉയർത്തിയ മുദ്രാവാക്യമായ ‘പോരാട്ടം, പോരാടുക, പോരാടുക’ എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ കോയിനും പുറത്തിറക്കിയിരിക്കുന്നത്.
ക്രിപ്‌റ്റോ കോയിൻ വാങ്ങുന്നതിനുള്ള ലിങ്ക് ട്രംപ് തന്നെ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു. രണ്ടാമതും അമേരിക്കൻ പ്രസിഡന്റ് ആവുന്ന ട്രംപ് നിരവധി ക്രിപ്റ്റോ കറൻസി പോളിസികൾ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ വേളയിൽ, താൻ ഒരു ‘ക്രിപ്റ്റോ പ്രസിഡന്റ്’ ആകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അധികാരമേറ്റാൽ ഉടനെ ട്രംപ് ഒരു ക്രിപ്റ്റോ ഉപദേശക സമിതി രൂപീകരിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുമെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.
കമ്പനികൾക്കും ബാങ്കുകൾക്കും മൂന്നാം കക്ഷികൾക്ക് വേണ്ടി ക്രിപ്റ്റോകറൻസി കൈവശം വയ്ക്കുന്നത് ചെലവേറിയതാക്കുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ചും ട്രംപ് ആലോചിക്കുന്നുണ്ട്. രാജ്യത്തിന്റെ ഗോൾഡ് റിസർവിന് പകരം ക്രിപ്‌റ്റോ കറൻസി വാങ്ങുന്നതിനെ കുറിച്ചും ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Add Comment