Food

പനീർ നല്ലതാണോയെന്ന് പരിശോധിക്കാനായുള്ള ചില എളുപ്പവഴികൾ

പാലും പാലുത്പ്പന്നങ്ങളും ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പാൽ, ബട്ടർ, നെയ്യ്, തൈര്, മോര്, പനീർ എന്നിങ്ങനെ നിരവിധി ഉത്പ്പന്നങ്ങളാണ് വിപണിയിലുള്ളത്. ഇതിൽ ഏറെ പ്രധാനപ്പെട്ട ഒരു ഉത്പ്പന്നമാണ് പനീർ. ഇന്ത്യക്കാരുടെ വിഭവങ്ങളിലെ പ്രധാനപ്പെട്ട ഒന്നുകൂടിയാണ് പനീർ. ഇന്ന് മാർക്കറ്റിൽ സുലഭമായി പനീർ ലഭിക്കും. എന്നാൽ നമ്മൾ പനീർ വാങ്ങുമ്പോൾ‌ അത് നല്ലതാണോ മായം ചേർത്തതാണോ എന്ന് ശ്രദ്ധിക്കാറുണ്ടോ? കടയിൽ നിന്നും പാക്ക് ചെയ്ത പനീർ വാങ്ങുമ്പോൾ അതിൻ്റെ ഗുണങ്ങൾ പരിശോധിക്കാറുണ്ടോ? പതിവായി പനീർ വാങ്ങുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ പനീർ നല്ലതാണോയെന്ന് പരിശോധിക്കാനായുള്ള ചില എളുപ്പവഴികൾ ഇതാ…

പനീരിൻ്റെ ഗന്ധവും ഘടനയും പരിശോധിക്കുക

ഇന്ന് മാർക്കറ്റിൽ വളരെയധികം വ്യാജ പനീരുറുകൾ ലഭ്യമാണ്. ശുദ്ധമായ പനീറിന് മിനുസമാർന്ന ഉപരിതലവും വെള്ളയോ അല്ലെങ്കില്‍ ഓഫ് വൈറ്റ് നിറമോ ആയിരിക്കും. നിറവ്യത്യാസമോ പരുപരുപ്പോ ഉണ്ടെങ്കില്‍ അത് മായം ചേര്‍ത്തതാകാം. പനീർ ഒരു പാൽ ഉത്പ്പന്നമായതിനാൽ അതിന് പാലിന്റെ മണം അനുഭവപ്പെടും. ഈ ഗന്ധമാണ് ശുദ്ധമായ പനീർ‌ തിരിച്ചറിയാൻ പ്രധാനമായും സഹായിക്കുന്നത്.

കടയിൽ നിന്ന് വാങ്ങിയ പനീർ കൈകൊണ്ട് ഞെക്കി നോക്കുമ്പോൾ പൊടിഞ്ഞുപോകുന്നുണ്ടെങ്കിൽ അത് യഥാർത്ഥ പനീർ ആണെന്ന് ഉറപ്പിക്കാവുന്നതാണ്. വല്ലാതെ മൃദുവായതോ കട്ടിയുള്ളതോ ആകാൻ പാടുള്ളതല്ല. അത്തരത്തിൽ പൊടിഞ്ഞുപോകാത്ത കട്ടിയായ പനീർ ആണെങ്കിൽ അത് വ്യാജ പനീർ ആയിരിക്കും.

പാക്കേജിങ് പരിശോധിക്കുക

കടയിൽ നിന്ന് പനീർ വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് പാക്കേജിങ്. എഫ്എസ്എസ്എഐ മാർക്ക് പോലുള്ള ഗുണനിലവാര സർട്ടിഫിക്കറ്റുകൾ ലഭിച്ചതാണോയെന്ന് പരിശോധിക്കുക. ഉൽപ്പന്നം ശുദ്ധമായ ഫാമിൽ നിന്നുള്ളതല്ലെങ്കിൽ നിർമ്മാതാക്കൾ അക്കാര്യം പാക്കറ്റുകളില്‍ വ്യക്തമാക്കേണ്ടതുണ്ട്.

ഒരു ഹീറ്റിംഗ് ടെസ്റ്റ് നടത്തുക

ഉണങ്ങിയ പാത്രത്തിൽ ഒരു ചെറിയ കഷ്ണം പനീർ ചൂടാക്കിയാൽ വ്യാജനാണോ ശുദ്ധമായ പനീർ ആണോ എന്ന് കണ്ടെത്താനാകും. ശുദ്ധമായ പനീർ ഈർപ്പം പുറത്ത് വിടുകയും അതിൻ്റെ ആകൃതി നിലനിർത്തുകയും തവിട്ടുനിറമാവുകയും ചെയ്യും. അതേസമയം മായം കലർന്ന പനീർ അമിതമായി ഉരുകുകയോ അധിക വെള്ളം ഉത്പാദിപ്പിക്കുകയോ ചെയ്യാം.

അയോഡിനും തുവരപ്പരിപ്പും ഉപയോഗിച്ച് വ്യാജ പനീർ തിരിച്ചറിയാം

ഒരു ചെറിയ കഷ്ണം പനീർ വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം രണ്ടോ മൂന്നോ തുള്ളി അയോഡിൻ ചേർക്കുക. ഇത് നീലയായി മാറുകയാണെങ്കിൽ അന്നജം അല്ലെങ്കിൽ ബൈൻഡറുകൾ ഉണ്ടാകം.

പരിപ്പ് പൊടി ഉപയോഗിച്ചും വ്യാജ പനീർ തിരിച്ചറിയാം. ഒരു പാത്രത്തിൽ കുറച്ച് വെള്ളത്തിൽ പനീർ തിളപ്പിച്ചെടുക്കുക. പനീർ തണുത്ത ശേഷം കുറച്ച് തുവര പരിപ്പിന്റെ പൊടി വിതറുക. 10 മിനിറ്റ് ഇങ്ങനെ വെക്കുക. ശേഷം അതിന്റെ നിറം ഇളം ചുവപ്പ് നിറത്തിലേക്ക് മാറുകയാണെങ്കിൽ വ്യാജമാണെന്ന് മനസിലാക്കാം.

ശുദ്ധമായ പനീർ വീട്ടിലുണ്ടാക്കാം:

പാലും ചെറുനാരങ്ങ നീരും ഉപയോഗിച്ച് ശുദ്ധമായ പനീർ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം,

ആദ്യം ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക. പാട കെട്ടാതിരിക്കാൻ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ശേഷം അതിലേക്ക് ചെറുനാരങ്ങാ നീര് ഒഴിച്ച് അരിച്ചെടുക്കാം. ( ചെറുനാരങ്ങ നീര്, വിനഗിരി, ബട്ടർമിൽക്ക്, തൈര്) ഏത് ഫുഡ് ആസിഡ് വേണമെങ്കിലും ചേർക്കാവുന്നതാണ്. ശേഷം നന്നായി ഇളക്കി കൊടുക്കുക. പിന്നീട് കോട്ടൺ തുണികൊണ്ട് അരിച്ചെടുക്കുക. അതിലെ ജലാംശം മുഴുവൻ പോയ ശേഷം കോട്ടൺ തുണിയിൽ കെട്ടി അരമണിക്കൂറോളം റെസ്റ്റ് ചെയ്യാൻ വെക്കാം. ശേഷം തുണി അഴിച്ചെടുക്കാം. പനീർ തയ്യാർ. ആവശ്യത്തിന് എടുത്ത് പാകം ചെയ്ത് കഴിക്കാവുന്നതാണ്.