തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ശിക്ഷ വിധി ഇന്ന് പ്രഖ്യാപിക്കും. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഒന്നാം പ്രതിയായ ഗ്രീഷ്മയും ,മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽകുമാറും കുറ്റക്കാരാണെന് കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവത്തിന് മുന്നേയുളള പ്രോസിക്യൂഷൻ്റേയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കഴിഞ്ഞ ദിവസം പൂർത്തിയായി. ഗ്രീഷ്മക്ക് ചെകുത്താന്റെ മനസാണെന്നും പരമവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗവും വാദിച്ചു. പ്രതിയായ ഗ്രീഷ്മക്ക് പറയാനുള്ളത് കോടതിയിൽ എഴുതി നൽകി. തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ നേരത്തെ വിട്ടിരുന്നു. ഇന്ന് 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും. വിധി കേൾക്കാൻ ഷാരോൺ രാജിന്റെ മാതാപിതാക്കളും കോടതിയിൽ എത്തും.
2022 ഒക്ടോബറിലായിരുന്നു കേരളത്തിനെ നടുക്കിയ കൊല നടന്നത്. നാലുവർഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷാരോണിനെ ബന്ധത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ഗ്രീഷ്മയും കുടുംബവും ഷാരോണിനെ ബന്ധത്തിൽ നിന്ന് പിന്മാറാൻ പദ്ധതി തയ്യാറാക്കുന്നത്. ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകുകയായിരുന്നു. ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോൺ ഛർദ്ദിച്ച് അവശനാകുകയും ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങുന്നത്.
പാറശ്ശാലയിലെ ഷാരോണിനെ കൊലപ്പെടുത്താൻ പ്രതി ഗ്രീഷ്മ ഉപയോഗിച്ചത് കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന കീടനാശിനിയായ കോപ്പർ സൾഫേറ്റ് എന്ന തുരിശ്. ഇത് തെളിയിക്കുന്നത് വെല്ലുവിളിയായിരുന്നുവെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. വി എസ് വിനീത് കുമാർ പറഞ്ഞിരുന്നു. വിഷം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയാണ് ഗ്രീഷ്മയ്‌ക്കെതിരെയുള്ള കുറ്റം. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെതിരെ തെളിവുകളുടെ അഭാവമുണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.
കവുങ്ങ്, തെങ്ങ്, റബ്ബർ തുടങ്ങിയവയ്ക്ക് കുമിൾനാശിനിയായി ഉപയോഗിക്കുന്നതാണ് കോപ്പർ സൾഫേറ്റ്. പേപ്പർ പ്രിന്റിംഗ്, മൺപാത്രങ്ങൾക്ക് കളർ നൽകൽ, കെട്ടിട നിർമ്മാണം എന്നിവയ്ക്കും തുരിശ് ഉപയോഗിക്കുന്നുണ്ട്. ഒരു ഗ്രാം കോപ്പർ സൾഫേറ്റ് മനുഷ്യ ശരീരത്തിലെത്തിയാൽ ആദ്യം ബാധിക്കുക കരളിനെയാണ്. 30 ഗ്രാം വരെ അകത്തുചെന്നാൽ മരണം സംഭവിക്കും. ഒരു മാസത്തെ ചികിത്സയ്ക്കൊടുവിൽ ആന്തരികാവയവങ്ങൾ തകരാറിലായായിരുന്നു ഷാരോണിന്റെ മരണം. മകൻ നീലക്കളറിൽ ഛർദിച്ചുവെന്നും നടക്കാൻ കഴിയാത്ത ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു.
Add Comment