ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലത്തിന് മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെ നിലനിർത്താൻ കാര്യമായ ശ്രമങ്ങൾ നടത്തിയിരുന്നില്ലെന്ന് ശ്രേയസ് അയ്യർ. ഐപിഎൽ 2024 തന്നെ സംബന്ധിച്ചടത്തോളം മികച്ച ഒരു വർഷമായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഐപിഎൽ ചാംപ്യൻഷിപ്പ് സ്വന്തമാക്കാൻ കഴിഞ്ഞു. കൊൽക്കത്തയുടെ ആരാധക പിന്തുണയും വലുതാണ്. കൊൽക്കത്തയിലെ ഒരോ നിമിഷവും താൻ ആസ്വദിച്ചിരുന്നു. ശ്രേയസ് ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഐപിഎൽ 2024ന് ശേഷം ടീം മാനേജ്മെന്റ് തന്നോട് സംസാരിച്ചിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം തന്നെ നിലനിർത്തുന്നതിൽ ടീം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അത്ഭുതപ്പെട്ടു. ആശയവിനിമയത്തിലെ പോരായ്മകളെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിടാൻ തീരുമാനിക്കുകയായിരുന്നു. ശ്രേയസ് വ്യക്തമാക്കി.
2024ൽ ഐപിഎൽ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായിരുന്നു ശ്രേയസ് അയ്യർ. എന്നാൽ ഐപിഎൽ മെഗാലേലത്തിന് മുമ്പായി ശ്രേയസിനെ നിലനിർത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തയ്യാറായില്ല. തുടർന്ന് മെഗാലേലത്തിൽ 26.75 കോടി രൂപയ്ക്ക് താരത്തെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി. അടുത്ത സീസണിൽ പഞ്ചാബിനെ നയിക്കുന്നതും ശ്രേയസ് ആണ്.
Add Comment