Entertainment

‘ബറോസ്’ പ്രേക്ഷകർക്കിടയിൽ മോശം പ്രതികരണം

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ഡിസംബർ 25-ന് പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് മോശം പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും ചിത്രത്തിന് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. മോശം തിരക്കഥയുടെ പേരിലും അഭിനയത്തിന്റെ പേരിലും വലിയ വിമർശനങ്ങളാണ് സിനിമ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ഒടിടിയിൽ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ് ബറോസ്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ജനുവരി 22 മുതൽ ബറോസ് സ്ട്രീമിങ് ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തുന്നത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കിയത്. മോഹന്‍ലാല്‍ തന്നെയാണ് പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിച്ചത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

മികച്ച 3D യും വിഷ്വൽ എഫക്റ്റുകളും ചിത്രം വാഗ്ദാനം ചെയ്‌തെങ്കിലും കെട്ടുറപ്പില്ലാത്ത മേക്കിങ്ങും തിരക്കഥയിലെ പഴുതുകളും ബറോസിന് വിനയായെന്നാണ് റിലീസിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. കൂടുതലും വിദേശി അഭിനേതാക്കൾ ഭാഗമായ സിനിമയിലെ സംഭാഷണങ്ങളും ഡബ്ബിങ്ങും ആസ്വദനത്തെ ബാധിച്ചിരുന്നു. മികച്ച പ്രൊഡക്ഷൻ വാല്യൂ സിനിമ മുന്നോട്ട് വയ്ക്കുമ്പോഴും ബറോസ് ഓർമയിൽ സൂക്ഷിക്കാൻ ഒന്നുമില്ലാത്ത സിനിമാനുഭവമായി മാറി എന്നാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം തുടരും എന്ന സിനിമയാണ് മോഹൻലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്.