Pravasam Oman

വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രവാസി മലയാളി കിണറിൽ വീണ് മരിച്ചു

കോഴിക്കോട്: വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രവാസി മലയാളി വീടിന് സമീപത്തെ കിണറിൽ വീണ് മരിച്ചു. കൊടുങ്ങല്ലൂർ ഒറ്റതൈക്കൽ മുഹമ്മദ് റാഷിദിൻ്റെ മകൻ ഷംജീർ (36) ആണ് മരിച്ചത്. കോഴിക്കോട് കോടഞ്ചേരി മൈക്കാവിൽ വീടിന് സമീപത്തെ പറമ്പിലെ കിണറിൽ വീണാണ് മരിച്ചത്.

ഒമാനിൽ പ്രവാസിയായിരുന്ന ഷംജീർ നാട്ടിലെത്തിയ ശേഷം നേരിട്ട് കല്ല്യാണ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സമീപത്തുള്ള പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം രാത്രി 10.45ഓടെയാണ് അപകടമുണ്ടായത്. കോടഞ്ചേരി മൈക്കാവ് ആനിക്കാട് കാർത്യാനിക്കട്ട് ജേക്കബിൻ്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാനായാണ് ഷംജീർ എത്തിയത്.

അപകടമുണ്ടായ ഭാഗത്തായാണ് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗക്യമൊരുക്കിയിരുന്നതെന്നാണ് വിവരം. ഇതിനിടെ ഷംജീർ അബദ്ധത്തിൽ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടമുണ്ടായ ഉടനെ തന്നെ ഷംജീറിനെ പുറത്തെത്തിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.