ന്യൂഡൽഹി: ഷാരോൺ കേസിലെയും ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബലാത്സംഗക്കൊലക്കേസിലെയും ശിക്ഷാ വിധിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരളത്തിൽ വനിതക്ക് വധശിക്ഷ നൽകിയപ്പോൾ ബംഗാളിൽ ബലാത്സംഗക്കൊല നടത്തിയ പ്രതിക്ക് ജീവപര്യന്തമാണ് ലഭിച്ചതെന്ന് ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. ആർ ജി കർ കേസിലെ വിധി നിരാശാജനകമാണ്. അപൂർവത്തിൽ അപൂർവമെന്നതിൻ്റെ മാനദണ്ഡം എന്തെന്ന് വ്യക്തമാകുന്നില്ല. സിബിഐയുടെ അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള പരാമര്‍ശവും കോടതി വിധിയിലുണ്ട്. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമാണെന്നും കോടതി പറഞ്ഞിരുന്നു.
അതേസമയം, ഷാരോൺ വധക്കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതി വധശിക്ഷയാണ് വിധിച്ചത്. അതിവിദഗ്ധമായ കൊലയാണ് ഗ്രീഷ്മ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രായത്തിന്റെ ഇളവ് ഗ്രീഷ്മയ്ക്ക് നല്‍കാനാവില്ല. മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല. പ്രണയത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഗ്രീഷ്മയുടെ സംശയത്തില്‍ നിര്‍ത്താന്‍ ഷാരോണ്‍ തയ്യാറായില്ലെന്നും കോടതി പറഞ്ഞിരുന്നു.
Add Comment