Sports

ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീമിൽ ആരുടെയും സ്ഥാനങ്ങൾ സ്ഥിരമല്ലെന്ന് അക്സർ പട്ടേൽ

ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീമിൽ ആരുടെയും സ്ഥാനങ്ങൾ സ്ഥിരമല്ലെന്ന് അക്സർ പട്ടേൽ. ഇം​ഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടക്കമാകാനിരിക്കെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്റെ പ്രതികരണം. സൂര്യകുമാർ യാദവിന്റെ ഇന്ത്യൻ ടീമിൽ ഓപണിങ് ബാറ്റര്‍മാരെ

മാത്രമാണ് സ്ഥിരമായി കളിപ്പിക്കുന്നത്. മൂന്നാം നമ്പർ മുതൽ ഏഴാം നമ്പർ വരെ ആരെ വേണമെങ്കിലും കളിപ്പിക്കാം. മത്സരത്തിലെ സാഹചര്യങ്ങൾ‌ അനുസരിച്ചാണ് ടീമിനെ പ്രഖ്യാപിക്കുക. അതിന് ശേഷമാവും ബാറ്റിങ് ഓഡർ തീരുമാനിക്കുകയെന്നും അക്സർ പട്ടേൽ പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാകുനുള്ള സാഹചര്യത്തെക്കുറിച്ചും അക്സർ പട്ടേൽ സംസാരിച്ചു. ഒരു ദിവസം ക്യാപ്റ്റൻ സൂര്യകുമാർ യാദവും പരിശീലകൻ ​ഗൗതം ​ഗംഭീറും തനിക്ക് വൈസ് ക്യാപ്റ്റന്റെ ചുമതല നൽകി. ടീമിൽ ഒരാൾ കൂടി നേതൃസ്ഥാനത്തേയ്ക്ക് വരണമെന്നായിരുന്നു ഇരുവരുടെയും അഭിപ്രായം. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ ഒരു മികച്ച ടീമാണ്. അതിനാൽ തന്നെ ഉപനായകസ്ഥാനം യാതൊരു സമ്മർദ്ദവും നൽകുന്നില്ല. അക്സർ പട്ടേൽ വ്യക്തമാക്കി.

ജനുവരി 22നാണ് ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ട്വന്റി പരമ്പരയ്ക്ക് തുടക്കമാകുന്നത്. ആദ്യ മത്സരം കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻ സ്റ്റേഡിയത്തിലാണ്. സൂര്യകുമാർ യാദവിന്റെ കീഴിൽ വിജയത്തുടർച്ചയാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്. മലയാളി താരം സഞ്ജു സാംസണിൽ നിന്നും ആരാധകർ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു.

ഇം​ഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ).