Lifestyle

ഇടിച്ച കാർ നിർത്താതെ പോയി; ‘പ്രതികാരം വീട്ടി’ നായ

തന്നെ ഇടിച്ച് നിർത്താതെ പോയ കാർ കാത്തിരുന്ന് പ്രതികാരം ചെയ്ത ഒരു നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മധ്യപ്രദേശിലെ സാ​ഗർ ന​ഗരത്തിലാണ് സംഭവം.

തിരുപ്പതിപുരം കോളനിയില്‍ താമസിക്കുന്ന പ്രഹ്ലാദ് സിം​ഗ് ഘോഷി ജനുവരി 17ന് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കുടുംബസമേതം തൻ്റെ കാറിൽ പുറപ്പെട്ടതായിരുന്നു. അവരുടെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെ ഒരു വളവിൽ വെച്ച് ഘോഷിയുടെ കാർ അബദ്ധത്തിൽ വഴിയരികിലിരിക്കുകയായിരുന്ന നായയെ ഇടിച്ചു. കാറിന്റെ സൈഡ് മിററിലൂടെ നോക്കിയപ്പോൾ നായയ്ക്ക് പരിക്കേറ്റതായി തോന്നിയില്ല. അതിനാൽ നിർത്താതെ ഘോഷി യാത്ര തുടർന്നു.

എന്നാൽ നായ കാറിന് പിന്നാലെ കുരച്ചുകൊണ്ട് കുറേ ദൂരം പിന്തുടർന്നുവെന്ന് ഘോഷി പറയുന്നു. പുലർച്ചെ ഒരു മണിയോടെയാണ് ഘോഷിയും കുടുംബവും വീട്ടിലേക്ക് മടങ്ങിയത്.

പിറ്റേന്നാണ് കാറിൽ നിറയെ പോറലുകളുള്ളതായി ഘോഷി ശ്രദ്ധിച്ചത്. ആദ്യം കരുതിയത് അത് കുസൃതിക്കാരായ കുട്ടികൾ ചെയ്തതായിരിക്കുമെന്നാണ്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തൻ്റെ കാറിടിച്ച നായ ‘പ്രതികാരം വീട്ടിയതാ’ണെന്ന് മനസിലാക്കുന്നത്. നായ കാറിനടുത്തെത്തുന്നതുള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.