Politics

രാഷ്ട്രീയകാര്യ സമിതി യോ​ഗത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസ്സിൽ തർക്കം മുറുകുന്നു

തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതി യോ​ഗത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസ്സിൽ തർക്കം മുറുകുന്നു. രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം ആദ്യദിനം പൊളിഞ്ഞു. വി ഡി സതീശനും കെ സുധാകരനും രണ്ടു തട്ടിൽ നിൽക്കുന്നതാണ് തർക്കത്തിന് കാരണം. ഇരുവരും തമ്മിലുള്ള തർക്കം കാരണം രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ച സംയുക്ത വാർത്താ സമ്മേളനം മാറ്റിവെയ്ക്കുകയായിരുന്നു. തർക്കങ്ങളിൽ കോൺ​ഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിട്ടുണ്ട്.

ഇതിനിടെ സംഘടന മെച്ചപ്പെടുത്തുന്നതിനായി കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ അഭിപ്രായം തേടി. പുനസംഘടന എങ്ങനെ വേണമെന്നതിലും ദീപാ ദാസ് മുൻഷി നേതാക്കളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പൊതുവികാരമാണ് നേതാക്കൾ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ സാഹചര്യം സംബന്ധിച്ച് ദീപാ ദാസ് മുൻഷി വിശദ റിപ്പോർട്ട് ഹൈക്കമാൻ്റിന് കൈമാറും.

കെപിസിസി പുനഃസംഘടന വൈകില്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്. അടിമുടി പുനസംഘടനക്ക് ഹൈക്കമാൻഡ് ഒരുങ്ങുന്നത്. ഇതിനിടെ കെ സുധാകരനെ മാത്രം മാറ്റരുതെന്ന് അഭിപ്രായവും ഉയർന്നിട്ടുണ്ട്. കെ സുധാകരനെ മാറ്റിയാൽ പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നാണ് ഒരു വിഭാ​ഗത്തിൻ്റെ ആവശ്യം. മാറ്റുന്നുണ്ടെങ്കിൽ രണ്ടുപേരെയും മാറ്റണമെന്ന ആവശ്യമാണ് ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതി യോ​ഗം ഐക്യത്തിന് ആഹ്വാനം ചെയ്താണ് അവസാനിച്ചത്. ഹൈക്കമാന്റ് നിർദ്ദേശങ്ങൾ നേതാക്കൾ അവഗണിക്കുന്നുവെന്ന പരാതി യോഗത്തിൽ ഉയ‍ന്നിരുന്നു. സംസ്ഥാനത്തെ പാർട്ടിയെ നയിക്കുന്ന നേതാക്കൾ തർക്കങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ചുമതല ഒഴിയുമെന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരുമിച്ച് നിൽക്കണമെന്ന് എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും യോ​ഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

നേതാക്കൾ തമ്മിൽ ഐക്യത്തിൽ പോകാൻ തീരുമാനിച്ചത് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംയുക്ത വാർത്താ സമ്മേളനം വിളിക്കാനും രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരുന്നു. വാർത്താസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയും പങ്കെടുക്കുമെന്നായിരുന്നു ധാരണ.