ബെയ്ജിങ്: എഴുപത് വയസ്സോളം പ്രായമുള്ള വയോധികയോട് വൈകാരികമായ അടുപ്പം സ്ഥാപിച്ച് ഇൻഫ്ളുവൻസറായ യുവാവ് തട്ടിയെടുത്തത് 66 ലക്ഷം രൂപ. ചൈനയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷാൻസിയിലാണ് വയോധികയെ ഇത്തരത്തിൽ സമർത്ഥമായി ഒരു യുവാവ് കബളിപ്പിച്ചത്.
മാവോ എന്ന് പേരുള്ള ഇൻഫ്ളുവൻസറാണ് പിടിയിലായത്. ഇയാൾക്ക് പത്ത് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിട്ടുണ്ട്. ഓൺലൈനുകളിലൂടെ ആളുകളുടെ പ്രശ്നങ്ങൾ പരിഹരിച്ചും, മാർക്കറ്റിംഗ് തന്ത്രങ്ങൾ പറഞ്ഞുകൊടുത്തും പ്രശസ്തനായ ആളാണ് മാവോ. ഇയാൾ അവിവാഹിതയായ ടാങ് എന്ന വയോധികയോട് വൈകാരികമായ അടുപ്പം സ്ഥാപിക്കുകയും നിരന്തരം അമ്മേ എന്ന് വിളിച്ച് സ്നേഹവും വിശ്വാസവും ആർജ്ജിച്ച ശേഷം സാമ്പത്തികമായി ചൂഷണം ചെയ്യുകയുമായിരുന്നു.
യുവാവിന്റെ ലൈവ് വീഡിയോയ്ക്ക് ടാങ് നിരന്തരം ഗിഫ്റ്റുകൾ അയച്ചുകൊടുക്കുമായിരുന്നു. ഇത്തരത്തിൽ ഇവർ തമ്മിലുളള ബന്ധം വളർന്നു. വയോധിക തന്നോട് സ്നേഹം കാണിക്കുന്നുവെന്ന് മനസിലാക്കിയ മാവോ, ഇതിനെ എല്ലാ വിധേനയും മുതലെടുക്കുകയായിരുന്നു. ടാങിനെ അമ്മേ എന്ന് വിളിച്ച് മാവോ വൈകാരികമായ ഒരു അടുപ്പം സ്ഥാപിച്ചു. ശേഷം പണം കടം ചോദിക്കാൻ തുടങ്ങി.
ബന്ധം ദൃഢമാണെന്ന് ഉറച്ചു വിശ്വസിപ്പിക്കാനും, സംശയം തോന്നാതിരിക്കാനും മാവോ ടാങിനെ ഇടയ്ക്കിടയ്ക്ക് സന്ദർശിക്കുമായിരുന്നു. ഇത്തരത്തിൽ സന്ദർശിക്കാൻ വരുമ്പോളെല്ലാം അമ്മയും മകനുമെന്ന രീതിയിൽ വൈകാരികമായ വീഡിയോകളും റീലുകളും ഇരുവരും ഉണ്ടാക്കുമായിരുന്നു. ഇതിനെതിരെ ടാങിന്റെ ബന്ധുക്കൾ തന്നെ രംഗത്തുവന്നപ്പോൾ, വധഭീഷണി മുഴക്കിയാണ് ടാങ് അവരെ പ്രതിരോധിച്ചത്. ഇതിനിടെ മാവോ നിരന്തരമായി ടാങിൽ നിന്ന് പണം വാങ്ങിക്കുന്നുണ്ടായിരുന്നു.
എന്നാൽ മാവോ പിന്നീട് തന്നിൽ നിന്ന് അകലുന്നത് ടാങിൽ സംശയം ഉളവാക്കി. ഒരിടയ്ക്ക് തന്നെ ഇനി കാണാൻ വരേണ്ടെന്നും എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്നും പറഞ്ഞതോടെ ടാങ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Add Comment