India

കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്‌ഫ്‌ അലി ഖാൻ ആശുപത്രി വിട്ടു

മുംബൈ : ജനുവരി 16-ലെ ആക്രമണത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്‌ഫ്‌ അലി ഖാൻ ആശുപത്രി വിട്ടു. വെള്ള ഷർട്ടും നീല നിറത്തിലുള്ള ജീൻസും കൂളിം​ഗ് ​ഗ്ലാസും ധരിച്ച് കൂളായാണ് നടൻ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിലെത്തിയത്. എന്നാൽ താരത്തിൻ്റെ കഴുത്തിൽ കാണപ്പെട്ട ബാൻഡേജും കൈയ്യിലെ കാസ്റ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. എല്ല് പൊട്ടുന്നത് പോലുള്ള പരിക്കുകൾ ഭേദമാകുന്നതിനാണ് പൊതുവെ കാസ്റ്റ് ഉപയോഗിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമിയുടെ കുത്തേറ്റ് പരിക്ക് പറ്റിയ സെയ്ഫ് അലി ഖാൻ ആറ്‌ ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. അണുബാധയേല്‍ക്കാനുള്ള സാധ്യത മുൻനിർത്തി സന്ദര്‍കരെ അനുവദിക്കരുതെന്ന് സെയ്ഫിന് നിര്‍ദേശമുണ്ട്. ഒരാഴ്ച പൂര്‍ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സദ്ഗുരു ശരൺ ബിൽഡിംഗിലെ തൻ്റെ വീട്ടിലെത്തിയ നടൻ പുറത്ത് തടിച്ചുകൂടിയ ആരാധകരെ കൈ ഉയർത്തി അഭിസംബോധന ചെയ്തു. വീട്ടിലെത്തിയ താരത്തെ ഭാര്യയും നടിയുമായ കരീന കപൂറും മക്കളും ചേർന്ന് സ്വീകരിച്ചു.

നട്ടെല്ലിന്റെ ഭാഗത്തുൾപ്പെടെ ആറ്‌ മുറിവുകളായിരുന്നു ആക്രമത്തെ തുടർന്ന്‌ താരത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്‌. തുടർന്ന്‌ രണ്ട്‌ ശസ്‌ത്രക്രിയകൾക്ക്‌ താരം വിധേയനാവുകയും ചെയ്തു. 6 മണിക്കൂർ നീണ്ട ശസ്ത്രകിയയായിരുന്നു നടത്തിയത്. നിരവധി പേർ സെയ്‌ഫിനെ കാണാൻ ആശുപത്രിയിലും താരത്തിന്റെ വീടിന് മുൻപിലും തടിച്ച് കൂടിയിരുന്നു. ഇതിനെ തുടർന്ന് രണ്ടിടങ്ങളിലും സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിരുന്നു.

2025 ജനുവരി 16നാണ്‌ സെയ്‌ഫ്‌ അലി ഖാന്‌ മുംബൈ ബാന്ദ്രയിലെ വീട്ടിൽ വച്ച്‌ കുത്തേറ്റത്‌. പുലർച്ചെ നടന്റെ ബാന്ദ്ര വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ മുംബൈ പൊലീസ് പിടി കൂടിയിട്ടുണ്ട്. മുഹമ്മദ് ഷെരീഫുള്‍ ഇസ്‌ലാമെന്ന ബംഗ്ലാദേശ് സ്വദേശിയായ ഇയാള്‍ വിജയ് ദാസ് എന്ന പേരിലാണ് ഇന്ത്യയിലേക്ക് കടന്നത്. ഇയാള്‍ നടന്റെ ഇളയ മകന്‍ ജേഹിനെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണോയെന്ന സംശയമാണ് പൊലീസിനുള്ളത്.

മകനെ ബന്ദിയാക്കി വന്‍ തുക ആവശ്യപ്പെട്ട ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്. 5 ദിവസം കോടതി റിമാൻഡിൽ വിട്ട പ്രതിയുമായി അന്വേഷണ സംഘം സെയ്ഫ് അലിഖാന്റെ വസതിയിലെത്തി ആക്രമണം പുനരാവിഷ്കരിച്ചു. നടൻ്റെ ഇളയ മകന്റെ മുറിയിൽ നിന്ന് പ്രതിയുടെ തൊപ്പി പോലുള്ള തെളിവുകൾ കണ്ടെത്തി. തൊപ്പിയിൽ നിന്ന് കണ്ടെടുത്ത മുടിയുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തന്നെ മുറുകെ പിടിച്ചുവെച്ച സെയ്ഫില്‍ നിന്ന് രക്ഷപ്പെടാനാണ് പലവട്ടം കുത്തിയതെന്ന് പ്രതി ഷെരിഫുള്‍ ഇസ്‌ലാം ഷെഹ്‌സാദ് മൊഴി നൽകി. മോഷണം ലക്ഷ്യമാക്കിയാണ് ഷെരീഫുള്‍ ശുചിമുറിയുടെ ജനലിലൂടെ സെയ്ഫിന്റെ വസതിക്കുള്ളില്‍ കടന്നതെന്ന് പൊലീസ് പറയുന്നു. ആക്രമണം നടക്കുമ്പോൾ നാല് പുരുഷ ജീവനക്കാരും ഫ്‌ളാറ്റിനുള്ളിൽ ഉണ്ടായിരുന്നു .എന്നാൽ പുരുഷ ജീവനക്കാരിലൊരാൾ വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നെന്നും മറ്റുള്ളവർ പേടി കൊണ്ട് ആക്രമണം തടഞ്ഞില്ലെന്നും പൊലീസ് പറയുന്നു.