മുംബൈ: മോഷ്ടാവിന്റെ കുത്തേറ്റ് മാരകമായി പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഏഴ് വയസ്സുള്ള മകൻ തൈമൂർ. തൈമൂറിന്റെ മുൻ ആയ ലളിത ഡിസിൽവ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. വീട്ടിലെ ജോലിക്കാരടക്കം പേടിച്ച് പിന്മാറിയിരുന്ന സമയത്ത് സെയ്ഫിന്റെ മകൻ തൈമൂർ സധൈര്യം മുന്നോട്ട് വരികയും, തന്റെ പിതാവിനെ ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുക്കുകയുമായിരുന്നു. ഏഴ് വയസ്സുകാരന്റെ മനോധൈര്യത്തെ പ്രശംസിക്കുകയാണ് ലളിത. മുംബൈ ലീലാവതി ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന തന്റെ സുഹൃത്ത്, തൈമൂർ സെയ്ഫ് അലിഖാനുമൊത്ത് ആശുപത്രിയിൽ എത്തിയത് സ്ഥീരികരിച്ചെന്നും ലളിത പറയുന്നു. സെയ്ഫിനൊപ്പം കുഞ്ഞ് തൈമൂർ മാത്രമാണ് ഉണ്ടായിരുന്നതെന്നും, ഇരുവരും ഒറ്റയ്ക്കായിരുന്നു എന്നത് തന്നെ ഞെട്ടിപ്പിച്ചു എന്നും മുൻ ആയ പറഞ്ഞു. വെറും ഏഴ് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മനോധൈര്യം അമ്പരിപ്പിച്ചു എന്നും ലളിതയെ ഉദ്ധരിച്ച് ദേശീയ മാധ്യമായ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു,
‘ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തപ്പോൾ സെയ്ഫ് അലി ഖാൻ ഒരു പോരാളിയെ പോലെയായിരുന്നു. അദ്ദേഹം ഒരു സിംഹത്തെപ്പോലെ തലയെടുപ്പുള്ളയാളാണ്. ഞാൻ സെയ്ഫ് സാറിനെ ശരിക്കും ബഹുമാനിക്കുന്നു. മാനസികമായും ശാരീരികമായും എത്ര ശക്തമായ വ്യക്തിത്വം! തൈമൂറിനും ഒരു പ്രത്യേകതയുണ്ട്. കൃത്യമായ വ്യക്തിത്വമുള്ള, അവൻ തന്റെ അച്ഛനെപോൽ ശക്തനായിരിക്കും. അവന്റെ മാതാപിതാക്കൾ വളരെ ഉറച്ച മനസ്സുള്ളവരാണ്. കരീന മാഡവും വളരെ ഉറച്ച മനസ്സുള്ള സ്ത്രീയാണ്. അവർ വളരെ അച്ചടക്കമുള്ളവരാണ്. സെയ്ഫും കരീന കപൂറും തൈമൂറിനെ ഒരു സെലിബ്രിറ്റി കുട്ടിയെ പോലെ വളർത്തരുതെന്ന് ആഗ്രഹിച്ചിരുന്നു. അവരുടെ കുട്ടിയെ സാധാരണ രീതിയിൽ വളർത്തണമെന്നാണ് ആഗ്രഹിച്ച’തെന്നും ലളിത പറഞ്ഞു.
‘സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മകൻ തൈമൂർ അലി ഖാനും ഒപ്പമുണ്ടായിരുന്നുവെന്ന് ഡോക്ടർമാരും വെളിപ്പെടുത്തിയിരുന്നു. രക്തത്തിൽ കുളിച്ചഅവസ്ഥയിലാണ് സെയ്ഫ് ആശുപത്രിയിൽ എത്തിയത്. ഓട്ടോറിക്ഷയിലെത്തിയ താരം നടന്നാണ് ആശുപത്രിയിലേക്ക് കയറിയത്. ഒരു സിംഹത്തെപ്പോലെ തന്റെ ഏഴുവയസുകാരൻ മകനെയും കൂട്ടിയാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. അത്രയും ഗുരുതരമായ പരിക്കുകൾ ഉണ്ടായിട്ടും ധൈര്യം കൈവിടാതെ സെയ്ഫ് പെരുമാറിയെന്നും’ ആശുപത്രി അധികൃതർ വ്യക്തമാക്കി.
വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമിയുടെ കുത്തേറ്റ് പരിക്ക് പറ്റിയ സെയ്ഫ് അലി ഖാൻ ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടത്.അണുബാധയേല്‍ക്കാനുള്ള സാധ്യത മുൻനിർത്തി സന്ദര്‍ശകരെ അനുവദിക്കരുതെന്ന് സെയ്ഫിന് നിര്‍ദേശമുണ്ട്. ഒരാഴ്ച പൂര്‍ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നട്ടെല്ലിന്റെ ഭാഗത്തുൾപ്പെടെ ആറ് മുറിവുകളായിരുന്നു ആക്രമത്തെ തുടർന്ന് താരത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് രണ്ട് ശസ്ത്രക്രിയകൾക്ക് താരം വിധേയനാവുകയും ചെയ്തു.
2025 ജനുവരി 16നാണ് സെയ്ഫ് അലി ഖാന് മുംബൈ ബാന്ദ്രയിലെ വീട്ടിൽ വച്ച് കുത്തേറ്റത്. പുലർച്ചെ നടന്റെ ബാന്ദ്ര വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ മുംബൈ പൊലീസ് പിടി കൂടിയിട്ടുണ്ട്. മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാമെന്ന ബംഗ്ലാദേശ് സ്വദേശിയായ ഇയാള്‍ വിജയ് ദാസ് എന്ന പേരിലാണ് ഇന്ത്യയിലേക്ക് കടന്നത്. ഇയാള്‍ നടന്റെ ഇളയ മകന് ജേഹിനെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണോയെന്ന സംശയമാണ് പൊലീസിനുള്ളത്.
Add Comment