വാങ്കഡെ സ്റ്റേഡിയത്തിന്റെ 50-ാം വാർഷിക ദിനത്തിൽ അപൂർവ്വ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. സ്റ്റേഡിയത്തിനകത്ത് ക്രിക്കറ്റ് പന്തുകൾ ഉപയോഗിച്ച് എഴുതിയുണ്ടാക്കിയ ‘ഫിഫ്റ്റി ഇയേഴ്സ് ഓഫ് വാങ്കഡെ സ്റ്റേഡിയം’ എന്ന വാചകത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ക്രിക്കറ്റ് പന്ത് ഉപയോഗിച്ച് സൃഷ്ടിച്ച ഏറ്റവും വലിയ വാചകമെന്ന അപൂർവ റെക്കോർഡാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സ്വന്തമാക്കിയത്.
14,505 ക്രിക്കറ്റ് പന്തുകൾ ഉപയോഗിച്ചാണ് മൈതാനത്ത് വാക്യം തയ്യാറാക്കിയത്. ഏകദിന ക്രിക്കറ്റിന് ഉപയോഗിക്കുന്ന വെളുത്ത പന്തും ടെസ്റ്റ് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന ചുവന്ന പന്തും വാക്യമുണ്ടാക്കാനായി മൈതാനത്ത് നിരത്തി. ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സംഭാവനകൾ നൽകിയ സച്ചിനും ഗാവസ്കറും ഉൾപ്പെടെ നിരവധി ഇതിഹാസങ്ങളുടെ ഹോം ഗ്രൗണ്ട് കൂടിയാണ് വാങ്കഡെ. 2011ൽ ഇന്ത്യ രണ്ടാം ഏകദിന ലോകകപ്പ് ഉയർത്തിയതും വാങ്കഡെയിലാണ്. 1975 ജനുവരി 23-29 വരെ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലാണ് വാങ്കഡെയിൽ ആദ്യ അന്താരാഷ്ട്ര മത്സരം നടക്കുന്നത്.
Add Comment