Entertainment

‘മലയാളത്തില്‍ നിന്നും തമിഴിലേക്ക് എന്തെങ്കിലും കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അവരെന്ന ഇവിടെ പ്രവര്‍ത്തിക്കാന്‍ പോലും സമ്മതിക്കില്ല’; ഗൗതം

ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്ത മമ്മൂട്ടി നായകനാകുന്ന ‘ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‌സ്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി വിവിധ തമിഴ് മാധ്യമങ്ങള്‍ക്ക് ഗൗതം വാസുദേവ് മേനോന്‍ അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഈ അഭിമുഖത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ പലതും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

തമിഴ് യൂട്യൂബ് ചാനലായ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമാ മേഖലയില്‍ നിന്നും തമിഴ് ഇന്‍ഡസ്ട്രിയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഘടകങ്ങളെ കുറിച്ച് അവതാരകന്‍ ചോദിച്ചിരുന്നു. അങ്ങനെ എന്തിനെങ്കിലും ശ്രമിച്ചാല്‍ നടപ്പിലാക്കാനാകില്ലെന്നായിരുന്നു ഇതിന് ഗൗതം വാസുദേവ് മേനോന്റെ മറുപടി.

‘മലയാളത്തില്‍ നിന്നും തമിഴിലേക്ക് എന്തെങ്കിലും കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അവരെന്ന ഇവിടെ പ്രവര്‍ത്തിക്കാന്‍ പോലും സമ്മതിക്കില്ല. ഓ വലിയൊരാള്‍ വന്നിരിക്കുന്നു എന്നായിരിക്കും പറയുക. മലയാളത്തിലേക്ക് പോയതല്ലേ അവിടെ തന്നെ വര്‍ക്ക് ചെയ്‌തോളൂ എന്നും തമിഴ് സിനിമയിലുള്ളവര്‍ പറഞ്ഞേക്കാം. അല്ലെങ്കിലേ ഇവിടെയുള്ള ഹീറോസ് എനിക്കൊപ്പം വര്‍ക്ക് ചെയ്യുന്നില്ല’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു. ചിരിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ മറുപടി പറഞ്ഞത്.

മലയാളത്തിലെ കഥകളും പ്രമേയവുമെല്ലാം തമിഴിലേക്ക് കൊണ്ടുവരാന്‍ തനിക്കേറെ ആഗ്രഹമുണ്ടെന്ന് ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു. മലയാളസിനിമയിലെ പല പ്രമേയങ്ങളും തമിഴില്‍ ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മലയാളത്തിലെ കണ്ടന്റുകള്‍ ഇവിടെ ചെയ്യാന്‍ ആരും തയ്യാറാകില്ല. റീമേക്കായി ഒരുക്കാന്‍ സാധിച്ചേക്കാം. മലയാളത്തില്‍ വിജയിച്ചല്ലോ അപ്പോള്‍ തമിഴിലും ചെയ്ത് നോക്കാം എന്ന് കരുതിയേക്കാം. പക്ഷെ അത്തരമൊരു കഥ ആദ്യം പറഞ്ഞാല്‍ ഇവിടെ ആരും യെസ് പറയില്ല, ചെയ്യാനും തയ്യാറാകില്ല,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പഴ്‌സ് എന്ന ചിത്രം ജനുവരി 23നാണ് തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച് മമ്മൂട്ടി നായകനാകുന്ന ചിത്രം കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുങ്ങിയിരിക്കുന്നത്. സി.ഐ ഡൊമിനിക് എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുമ്പോള്‍ വിക്കിയായി ഗോകുല്‍ സുരേഷും മാധുരിയായി വിജി വെങ്കിടേഷും മറ്റൊരു പ്രധാന കഥാപാത്രമായി സുഷ്മിത ഭട്ടും എത്തുന്നു.