Entertainment

‘എമ്പുരാൻ ഒരു മെയിൻസ്ട്രീം കൊമേർഷ്യൽ സിനിമയാണ്, ഓപ്പൺ മൈൻഡിൽ കാണണം, ചിത്രം ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു’; പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് എമ്പുരാൻ. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ലൂസിഫർ എന്ന സിനിമയുടെ തുടർച്ചയായിട്ടാണ് എമ്പുരാൻ ഒരുങ്ങുന്നത്. ലൂസിഫറിന്റെ റിലീസ് സമയത്ത് ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ ചെറിയ സിനിമയാണ് ലൂസിഫർ എന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അതിനെപ്പറ്റി കൂടുതൽ മനസുതുറന്നിരിക്കുകയാണ് പൃഥ്വിരാജ്.

ലൂസിഫർ ചെയ്യുന്ന സമയത്ത് അതൊരു ചെറിയ സിനിമയാണെന്ന് താൻ പറഞ്ഞത് വളരെ സത്യസന്ധമായിട്ടാണ്. പ്രേക്ഷകർ ആ സിനിമയെ വല്ലാതെ ഹൈപ്പ് കൊടുക്കുന്നത് കണ്ടപ്പോഴാണ് താൻ അതൊരു ചെറിയ സിനിമയാണെന്ന് പറഞ്ഞതെന്നും പൃഥ്വിരാജ് പറഞ്ഞു. ‘എമ്പുരാനും ഞാൻ അത് തന്നെ പറയുന്നു. എമ്പുരാൻ ഒരു മെയിൻസ്ട്രീം കൊമേർഷ്യൽ സിനിമയാണ്. അതിന് മുകളിൽ ഒന്നുമില്ല. ഈ സിനിമ അങ്ങനെയാണ് ഇങ്ങനെയാണ് എന്നുള്ള വാദങ്ങൾ മുന്നോട്ട് വെക്കാൻ എനിക്ക് താല്പര്യമില്ല. ഒരു പോപ്കോണും വാങ്ങി ഓപ്പൺ മൈൻഡിൽ നിങ്ങൾ എമ്പുരാൻ കാണണം, ചിത്രം നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു’, പൃഥ്വിരാജ് പറഞ്ഞു. മമ്മൂട്ടി സാർ സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകൾക്കും നൽകിയ അഭിനന്ദനങ്ങൾക്കും ഒരുപാട് നന്ദിയുണ്ടെന്നും പൃഥ്വി കൂട്ടിച്ചേർത്തു.

സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.