Entertainment

ഉണ്ണിക്കണ്ണൻ വിജയ്ക്കൊപ്പം ഉള്ള ഫോട്ടോസ് അവർ അയച്ചുകൊടുക്കും; പിന്തുണയുമായി നടൻ ബിനീഷ് ബാസ്റ്റിൻ

നടൻ വിജയ്‌യോടുള്ള ആരാധന മൂലം സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ. അടുത്തിടെ ഉണ്ണിക്കണ്ണൻ നടൻ വിജയെ കണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ലൊക്കേഷനിൽ കോസ്റ്യൂമിൽ ആയതിനാൽ വിജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ കിട്ടിയില്ലെന്നും അദ്ദേഹത്തിന്റെ കൂടെയുള്ളവർ ചിത്രം തനിക്ക് പിന്നീട് അയച്ചു തരുമെന്നുമായിരുന്നു ഉണ്ണിക്കണ്ണൻ പറഞ്ഞിരുന്നത്. എന്നാൽ ഉണ്ണിക്കണ്ണന്റെ വിജയ്‌ക്കൊപ്പമുള്ള ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെ ഉണ്ണിക്കണ്ണൻ വിജയ്‌യെ കണ്ടിട്ടില്ലെന്ന് ആരോപണം ശക്തമായിരുന്നു. ഇപ്പോഴിതാ ഉണ്ണിക്കണ്ണന് പിന്തുണയുമായെത്തിയിരിക്കുകയാണ് നടൻ ബിനീഷ് ബാസ്റ്റിൻ.

തെരി സിനിമയുടെ ചിത്രീകരണ സമയത്ത് അവസാന ദിവസമാണ് വിജയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ കഴിഞ്ഞതെന്നും സിനിമയുടെ റിലീസിനോട് അടുത്താണ് ആ ചിത്രങ്ങൾ ലഭിച്ചതെന്നും പറയുകയാണ് ബിനീഷ് ബാസ്റ്റിൻ. അതിനാൽ തന്നെ ഉണ്ണിക്കണ്ണനും വിജയ് സാറിനോടൊപ്പം ഉള്ള ഫോട്ടോസ് അവർ അയച്ചുകൊടുക്കുമെന്ന് ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ വിജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ബിനീഷ് ബാസ്റ്റിൻ ഇക്കാര്യം പറയുന്നത്.

‘ഉണ്ണിക്കണ്ണൻ വിജയ് സാറിനെ കണ്ടു എന്നത് ഞാൻ വിശ്വസിക്കുന്നു.. കാരണം ഞാൻ വിജയ് സാറിൻറെ കൂടെ തെരി എന്ന സിനിമയിൽ അഭിനയിച്ചതാണ്.. ഷൂട്ടിംഗ് എനിക്ക് പല ദിവസങ്ങളിലായി 20 ദിവസം ഷൂട്ടിംഗ് ഉണ്ടായി അവസാന ദിവസമാണ് എനിക്ക് വിജയ് സാറിൻറെ കൂടെ ഫോട്ടോ എടുക്കാൻ പറ്റിയത്.. അതും അവരുടെ ഫോണിലും ക്യാമറയിലും ആണ് എടുത്തത്.. സിനിമാ റിലീസ് ആകാറായപ്പോഴാണ്.. എനിക്ക് അവർ അയച്ചുതന്നത്.. കാരണം വിജയ് സാറിൻറെ ഗെറ്റപ്പ് പുറത്തു പോകാതിരിക്കാൻ ആണ്… അതേപോലെതന്നെ.. നമ്മുടെ മാളൂട്ടിയും വിജയ് സാറിനൊപ്പം അഭിനയിച്ചതാണ്.. ലൊക്കേഷനിൽ വച്ച് എടുത്ത ഫോട്ടോ സിനിമ ഇറങ്ങിക്കഴിഞ്ഞിട്ടാണ് കൊടുത്തത്… ലൊക്കേഷനിൽ ചെന്നിട്ട് ഒരാൾക്ക് നേരിട്ട് ചെന്ന് വിജയ് സാറിനെ കാണാൻ പറ്റില്ല.. കാരണം ഒരുപാട് സെക്യൂരിറ്റീസ് ഉണ്ട് അദ്ദേഹത്തിൻറെ അടുത്ത് എത്തിയാൽ പിന്നെ കൂട്ടുകാരെ പോലെയാണ്.. എന്നെ ഒരു സുഹൃത്തായിട്ടാണ് അദ്ദേഹം ലൊക്കേഷനിൽ കണ്ടത് എൻറെ പേര് വിളിക്കുമായിരുന്നു ബാസ്റ്റിൻ എന്നാണ് വിളിക്കുന്നത്.. ഉണ്ണിക്കണ്ണന്റെ വിജയ് സാറിനോടൊപ്പം ഉള്ള ഫോട്ടോസ് അവർ അയച്ചുകൊടുക്കും… I am Waiting,’ ബിനീഷ് ബാസ്റ്റിൻ പറഞ്ഞു.