Travel

അന്താരാഷ്ട്ര യാത്രകള്‍ നടത്തണമെന്ന് ആഗ്രഹിച്ചിരിക്കുന്നവരാണോ?, ഇതാ ഒരു സന്തോഷവാര്‍ത്ത

അന്താരാഷ്ട്ര യാത്രകള്‍ നടത്തണമെന്ന് ആഗ്രഹിച്ചിരിക്കുന്നവരാണോ നിങ്ങള്‍. വിസയുമായി ബന്ധപ്പെട്ട ജോലികളുടെ ബുദ്ധിമുട്ടുകള്‍ കാരണം യാത്രകള്‍ അനന്തമായി നീണ്ടുപോവുകയാണോ? എന്നാല്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. അഞ്ച് മനോഹരമായ രാജ്യങ്ങള്‍ ഇപ്പോള്‍ വിസ ഓണ്‍ അറൈവല്‍ ഓപ്ഷനുകളോടെ ഇന്ത്യന്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്. ഏതൊക്കെയാണ് ആ രാജ്യങ്ങളെന്ന് നോക്കാം.

ഇന്തോനേഷ്യ

പുതിയ ഇ വിസ ഓണ്‍ അറൈവല്‍ (EVOA) പ്രാഗ്രാമിലൂടെ ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ഓണ്‍ലൈന്‍ വിസയ്ക്ക് അപേക്ഷിക്കാം.മറ്റ് 96 രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയ്ക്കും ഈ ആനുകൂല്യം ലഭിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഇവിഒഎ ഫീസ് 2,646 രൂപയാണ്. കൂടാതെ വിഎഫ്എസ് ഗ്ലോബല്‍ സര്‍വ്വീസ് ഫീസ് 1,217 രൂപയാണ്. ബാലിയിലേക്ക് അവധിക്കാല വിനോദയാത്ര ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഇത് കൂടുതല്‍ ഫലം ചെയ്യും.

ദക്ഷിണാഫ്രിക്ക

ജനുവരി 13 ന് ആരംഭിച്ച പുതിയ ട്രെസ്റ്റഡ് ടൂര്‍ ഓപ്പറേറ്റര്‍ സ്‌കീം(TTOS) അനുസരിച്ച് ഇന്ത്യക്കാരും ചൈനക്കാരുമായ യാത്രക്കാര്‍ക്ക് അംഗീകാരങ്ങള്‍ വേഗത്തിലും എളുപ്പത്തിലും നല്‍കുമെന്ന് വാഗ്ധാനം ചെയ്യുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുള്ളതിനാല്‍ ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തിലെ ചെറിയ വര്‍ദ്ധനവുപോലും സമ്പദ് വ്യവസ്ഥയെ ഗുണകരമായി ബാധിച്ചേക്കും.

ഇസ്രയേല്‍

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രതീക്ഷനല്‍കുന്ന പുതിയൊരു ഇ-വിസ സംവിധാനം ഒരുക്കിയിരിക്കുകയാണ് ഇസ്രയേല്‍. ജറുസലേമിലേക്കുളള ആത്മീയ യാത്രയോ, ബീച്ചുകളുടെ ഭംഗി ആസ്വദിക്കലോ, ചാവുകടലില്‍ നീന്തിത്തുടിക്കാനോ എന്തുതന്നെ ആയിക്കോട്ടെ മുമ്പത്തേക്കാള്‍ എളുപ്പമാണ് സംഗതിയിപ്പോള്‍. 90 ദിവസം വരെ സാധ്യതയുള്ള വിസയ്ക്ക് 2,422 രൂപയാണ് ചെലവ്. വിനോദസഞ്ചാരികള്‍ കൂടുതല്‍ കടന്നുവരാന്‍ ആഗ്രഹിക്കുന്ന രാജ്യമായിട്ടാണ് ഇസ്രയേലിനെ ആളുകള്‍ കാണുന്നതും.

ഫിലിപ്പിന്‍സ്

2019ലാണ് ഫിലിപ്പിന്‍സിന്റെ ഇ- വിസ സംവിധാനം ആദ്യമായി ആസൂത്രണം ചെയ്തിരുന്നത്. പക്ഷേ പ്രവര്‍ത്തനക്ഷമമാകുന്നത് 2024 ഒക്ടോബര്‍ 28 നാണ്. ഇപ്പോള്‍ ഇ വിസയ്ക്കായി ഇന്ത്യയിലെ ഫിലിപ്പൈന്‍ എംബസികളിലൂടെയും കോണ്‍സുലേറ്റുകളിലൂടെയും അപേക്ഷിക്കുന്നത് വളരെ എളുപ്പമാണ്. 2030 തോടുകൂടി 50 ദശലക്ഷം വിനോദ സഞ്ചാരികളെയാണ് രാജ്യം ലക്ഷ്യമിടുന്നത്. സിംഗിള്‍ എന്‍ട്രി വിസയ്ക്ക് 3,520 രൂപ ചിലവാകും. മള്‍ട്ടിപ്പിള്‍ -എന്‍ട്രി വിസയ്ക്ക് 7,040 രൂപ ചെലവാകും.

യുഎഇ

യുഎഇയില്‍ പോകാന്‍ ആഗ്രഹിക്കാത്ത സഞ്ചാരികളുണ്ടാവുമോ? ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇപ്പോള്‍ എല്ലാ യുഎഇ എന്‍ട്രി പോയിന്റുകളിലും ഓണ്‍ അറൈവല്‍ വിസ ലഭിക്കും. 14 ദിവസത്തെ വിസയും 14ദിവസത്തേക്ക് നീട്ടാവുന്നതും 60 ദിവസത്തെ വിസയും ലഭിക്കും. പക്ഷേ യോഗ്യത നേടുന്നതിനായി നിങ്ങള്‍ക്ക് ഒരു യുഎസ്, യുകെ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ വിസ/ റെസിഡന്‍സി കാര്‍ഡ് ഉണ്ടായിരിക്കണം. മാത്രമല്ല നിങ്ങളുടെ പാസ്‌പോര്‍ട്ട് നിങ്ങള്‍ എത്തിച്ചേരുന്ന തീയതി മുതല്‍ കുറഞ്ഞത് ആറ് മാസത്തേക്ക് സാധുവായിരിക്കുകയും വേണം.