കൊച്ചി: ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ഷൂട്ടിങ്ങും സിനിമ പ്രദർശനവും ഉൾപ്പെടെ സിനിമാ മേഖല സ്തംഭിപ്പിച്ച് കൊണ്ടാണ് സമരം സംഘടിപ്പിക്കുക. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം, താരങ്ങളുടെയടക്കം വലിയ പ്രതിഫലം കുറയ്ക്കണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
വാർത്താസമ്മേളനത്തിലാണ് നിർമാതാക്കൾ തീരുമാനം പ്രഖ്യാപിച്ചത്. മലയാള സിനിമ വലിയ പ്രതിസന്ധിയിലാണെന്നും 12 ശതമാനം സിനിമകൾ മാത്രമാണ് വിജയിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമാതാക്കൾ പറഞ്ഞു. സിനിമയിൽ നേട്ടം താരങ്ങൾക്ക് മാത്രമാണെന്നും ചില സംവിധായകരും വൻ തുക പ്രതിഫലം വാങ്ങുന്നുവെന്നും നിർമാതാക്കൾ ആരോപിച്ചു.
കഴിഞ്ഞ വർഷം 700 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നും നിർമാതാക്കൾ പറഞ്ഞു. ഈ വർഷം ജനുവരിയിൽ ഇറങ്ങിയ 28 ചിത്രങ്ങളിൽ ഒരു ചിത്രം മാത്രമാണ് രക്ഷപ്പെട്ടത്. 101 കോടിയുടെ നഷ്ടം മാത്രം ജനുവരിയിൽ ഉണ്ടായി. താരങ്ങളുടെ പ്രതിഫലം മലയാള സിനിമയ്ക്ക് താങ്ങാവുന്നതിൻ്റെ പത്തിരട്ടിയാണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി.നികുതിഭാരം താങ്ങാനാവുന്നതിലും അപ്പുറമാണ്. സർക്കാറിൻ്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കുന്നില്ല. ഒടിടിയിൽ സിനിമ പോകുന്നില്ലെന്നും ബജറ്റിൽ പ്രതീക്ഷയില്ലെന്നും നിർമാതാക്കൾ പറഞ്ഞു.
നിർമാണ ചെലവ് കൂടുതലായതിനാൽ ജൂൺ ഒന്ന് മുതൽ സിനിമാ നിർമാണം നിർത്തിവെയ്ക്കുമെന്നും നിർമാതാക്കൾ പറഞ്ഞു. സൂചനാ പണിമുടക്ക് നടത്തി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു.നിർമാതാക്കളുടെ ആവശ്യങ്ങൾ നിരാകരിച്ച് മുന്നോട്ടു പോയാൽ താരങ്ങൾ നിർമിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റർ ഉടമകളും അറിയിച്ചു.
Add Comment