Kerala

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് ഇന്ന് അവതരിപ്പിക്കും. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമെന്ന സൂചനയാണ് സാധാരണക്കാരെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന പ്രധാനഹൈലൈറ്റ്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനുള്ള തുക കണ്ടെത്തുന്നത് സംബന്ധിച്ച പ്രഖ്യാപനവും ബജറ്റിൽ ഉണ്ടാകും. 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ സംബന്ധിച്ച പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർ‌ച്ച സംബന്ധിച്ച് വ്യക്തത നൽകുന്ന സാമ്പത്തിക അവലോകനവും ധനകാര്യ മന്ത്രി ഇന്ന് നിയമസഭയിൽ വെയ്ക്കും.

മധ്യവർഗ്ഗ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്ന ബജറ്റ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന ബജറ്റിലും സാധാരണക്കാരെയും ഇടത്തരക്കാരെയും തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരാനിരിക്കുന്ന തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റ് ആയതിനാൽ ജനങ്ങൾക്ക് നികുതിഭാരം ഏർപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ജനപ്രിയ പ്രഖ്യാപനങ്ങൾ കുറയാനും സാധ്യതയില്ല.

സമ്പൂർണ ബജറ്റിൽ ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന് നേരത്തെ പിണറായി സർക്കാർ വാ​ഗ്ദാനം ചെയ്തിരുന്നു. ഇത് ഇക്കുറി നടപ്പിലാക്കുമോ എന്നതാണ് പ്രധാനം. എന്നാൽ നിരവധി സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കേ ക്ഷേമപെൻഷൻ സർക്കാരിന് കൂടുതൽ ബാധ്യതയായേക്കുമെന്ന വിലയിരുത്തലും സജീവമാണ്. നൂറോ ഇരുനൂറോ രൂപയിൽ ക്ഷേമപെൻഷനിൽ വർധനയുണ്ടാകാനും സാധ്യതയുണ്ട്.

കിഫ്ബിക്ക് വരുമാനം വർധിപ്പിക്കാൻ ഉതകുന്ന പദ്ധതികൾ ഇക്കുറി ചർച്ച ചെയ്യപ്പെടാനും സാധ്യതയുണ്ട്. കിഫ്ബി റോഡുകളുടെ ടോൾ പിരിവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സജീവമായിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിലപാട് എന്തായിരിക്കുമെന്ന വ്യക്തത ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാണിജ്യ മാതൃകയിലുള്ള ഐ.ടി പാർക്കുകൾ വ്യവസായ പാർക്കുകൾ എന്നിവയ്ക്ക് മുൻ​ഗണന നൽകിയേക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപത്തെ പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാന വികസനത്തിനും ബജറ്റിൽ പണം കണ്ടെത്തേണ്ടതുണ്ട്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഇതിനായും ബജറ്റിൽ നീക്കിയിരിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.