Entertainment

കമലും മണിരത്‌നവും ഒന്നിച്ച് പ്രവർത്തിക്കുന്നത് കാണുന്നത് തന്നെ അഴകാണ്; നാസർ

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. ഹിറ്റുകൾ മാത്രം സമ്മാനിക്കുന്ന സംവിധായകൻ മണിരത്നത്തിനൊപ്പം കമൽ ഹാസൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ പ്രതീക്ഷ വാനോളമാണ്. സിനിമയിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിക്കുന്നത് കാണുന്നത് തന്നെ അഴകാണെന്ന് പറയുകയാണ് നടൻ നാസർ. ഇരുവരും തമ്മിലുള്ള പരസ്പര ധാരണയും സഹകരണവും ഇപ്പോഴും കത്ത് സൂക്ഷിക്കുന്നുണ്ടന്നും ആ ഭംഗി മുഴുവൻ തഗ് ലൈഫിൽ ഉണ്ടെന്നും നാസർ പറഞ്ഞു, എസ് എസ് മ്യൂസിക് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘നായകന് ശേഷം 38 വർഷങ്ങൾക്ക് ഇപ്പുറം കമൽ സാറും മണി സാറും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. സെറ്റിൽ അവർ തമ്മിൽ ഒന്നിച്ച് സംസാരിക്കുന്നത് കാണുന്നത് തന്നെ ഒരു ഭംഗിയാണ്. 37 വർഷത്തിന് ശേഷം ഒന്നിക്കുന്നതിന്റെ എക്സൈറ്മെന്റ് അവർക്കുള്ളിൽ തന്നെ ഉണ്ട്. രണ്ടു പേരും അവരുടെ ജോലിയിൽ വലിയ സ്ഥനത്തുള്ള ആളുകളാണ്. സിനിമയിൽ ഒരു ഐഡിയ കമൽ സാർ പറഞ്ഞാലും ഫൈനൽ തീരുമാനം എടുക്കുന്നത് മണി സാർ ആണ്. രണ്ടു മൂന്ന് സീനിൽ ഞാൻ കണ്ടിട്ടുണ്ട്. കമൽ സാർ പറയുന്നത് മണി സാർ കേൾക്കും എന്നിട്ട് ആലോചിച്ചിട്ട് അത് വേണ്ടെന്ന് പറയുമ്പോൾ കമൽ സാർ അത് വിട്ട് പോകും. അവർ തമ്മിൽ അത്രയും പരസ്പര ധാരണയും ബഹുമാനവും ഉണ്ട്. അതിനെ അഴക് എന്നേ പറയാൻ പറ്റുകയുള്ളു. ആ അഴക് ഞാൻ തഗ് ലൈഫിൽ മുഴുവൻ കണ്ടു,’ നാസർ പറഞ്ഞു.

ചിത്രം ജൂൺ അഞ്ചിന് തിയേറ്ററുകളിലെത്തും. നാസറിന് പുറമേ, ചിമ്പു, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണിരത്‌നത്തിനൊപ്പം സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍.