Politics

സിപിഐഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

കുന്നംകുളം: സിപിഐഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കുന്നംകുളത്താണ് ഇത്തവണ സമ്മേളനം നടക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 400 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ഉദ്ഘാടന സെഷന് ശേഷം ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർ‌ട്ട് അവതരിപ്പിക്കും. പിന്നാലെ ​ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടക്കും. സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന അവസാനത്തെ ജില്ലാ സമ്മേളനമാണിത്.

സംസ്ഥാന സിപിഐഎം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച ​ഗൗരവമായ വിമർശനങ്ങൾ പൊതുചർച്ചയിൽ ഉയർന്നു വരും. ഇതിന് പുറമെ മറ്റ് സഹകരണ ബാങ്കുകളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍, പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ബിജെപി അക്കൗണ്ട് തുറക്കാനിടയായതും സമ്മേളനത്തിൽ ​ഗൗരവമായ രാഷ്ട്രീയ വിഷയമായി ഉയർന്ന് വന്നേക്കും.

ഫെബ്രുവരി 11ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിലവിൽ ജില്ലാ സെക്രട്ടറിയായ എം എം വർഗീസ് ചുമതല ഒഴിഞ്ഞേക്കും. എംഎൽഎ കെ വി അബ്ദുൽ ഖാദർ സിഐടിയു ജില്ലാ സെക്രട്ടറി യുപി ജോസഫ് എന്നിവരെയാണ് പുതിയ സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കുന്നത്.