Kerala

പകുതി വില തട്ടിപ്പ് കേസ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ ബാലുശ്ശേരിയില്‍ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു

കോഴിക്കോട്: പകുതി വില തട്ടിപ്പ് കേസ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ ബാലുശ്ശേരിയില്‍ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. യങ് മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്, കാന്തപുരം മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. കേസിലെ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രക്ഷാധികാരി എന്ന നിലയിലാണ് കേസെടുത്തത്. ആനന്ദ് കുമാര്‍, അനന്തു കൃഷ്ണൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. തട്ടിപ്പ് കേസില്‍ ബാലുശ്ശേരിയില്‍ ഇന്ന് നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ പൊലീസും സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്തിരുന്നു. നടത്തിപ്പ് ഏജന്‍സിയായ അങ്ങാടിപ്പുറം കെഎസ്എസിന്റെ പ്രസിഡന്റ് നല്‍കിയ പരാതിയിലായിരുന്നു കേസ്. ഭാരതീയ ന്യായ സംഹിത 318(4), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

അതേസമയം സഹായം നല്‍കുന്ന സംഘടനയായതുകൊണ്ടാണ് എന്‍ജിഒ ഫെഡറേഷന്റെ ഉപദേശകസ്ഥാനം സ്വീകരിച്ചതെന്നാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചത്. ഉപദേശകനായി ആനന്ദ് കുമാര്‍ ക്ഷണിച്ചു. ചാരിറ്റി സംഘടനയായതിനാല്‍ ക്ഷണം സ്വീകരിച്ചു. സ്‌കൂട്ടറിനായി പണം പിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഉപദേശക സ്ഥാനത്ത് നിന്നും തന്റെ പേര് നീക്കണണെന്ന് ആനന്ദ് കുമാറിനോട് പറഞ്ഞിരുന്നുവെന്നുമാണ് സി എന്‍ രാമചന്ദ്രന്‍ പ്രതികരിച്ചത്.