ഒരു വിമാന യാത്രക്കൊരുങ്ങുമ്പോൾ യാത്രക്കനുയോജ്യമായ സീറ്റുകൾ തിരഞ്ഞെടുക്കാം. ആയിരക്കണക്കിന് അടി ഉയരത്തിൽ നിന്ന് മേഘങ്ങളും മനോഹരമായ കാഴ്ചകളും ആസ്വദിക്കാൻ പലരും വിൻഡോ സീറ്റുകളാണ് തിരഞ്ഞെടുക്കാറുള്ളത്. അടുത്തിടെ ഇൻഡിഗോ വിമാനത്തിലെ ഒരു യാത്രക്കാരൻ വിൻഡോ സീറ്റ് തിരഞ്ഞെടുത്തു. എന്നാൽ വിമാനത്തിൽ കയറിയപ്പോഴാണ് സീറ്റിന് വിൻഡോ ഇല്ലെന്ന് കണ്ടത്. പണം നൽകി വിൻഡോ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് നിരാശയായിരുന്നു ഫലം. പിന്നാലെ തൻ്റെ അനുഭവം യുവാവ് എക്സിലൂടെ പങ്കുവെക്കുകയായിരുന്നു.
സ്റ്റാർ സ്പോർട്സ് തമിഴിലെ ക്രിക്കറ്റ് കമൻ്റേറ്ററായ പ്രദീപ് മുത്തു ആണ് തൻ്റെ സീറ്റിലിരുന്നുള്ള സെൽഫി എക്സിൽ പോസ്റ്റ് ചെയ്തത്. ഡേ.. @INDIGO6E ഐ പെയ്ഡ് ഫോർ എ വിൻഡോ സീറ്റ് ഡാ.. വേർ ഈസ് ദി വിൻഡോ എന്നായിരുന്നു ചിത്രത്തിന് കാപ്ഷൻ നൽകിയത്. പൈസ നൽകി വിൻഡോ സീറ്റ് ബുക്ക് ചെയ്തിട്ടും വിൻഡോ ഇല്ല, എവിടെ വിൻഡോ എന്ന് ഇൻഡിഗോയെ മെൻഷൻ ചെയ്താണ് പ്രതീപ് മുത്തുവിൻ്റെ പോസ്റ്റ്.
നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് വൈറലായി. 902,000ത്തിലധികം പേർ പോസ്റ്റ് കാണുകയും നിരവധി പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ചില വിമാനങ്ങളുടെ ഘടനാപരമായ രൂപകൽപ്പന കാരണമാണ് ജനലകളില്ലാത്ത സീറ്റുകളെന്ന് ചിലർ പറഞ്ഞു. യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ ഇൻഡിഗോ ഈ സീറ്റുകളെ ‘വാൾ സീറ്റുകൾ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ചില ഉപയോക്താക്കൾ തമാശ രൂപത്തിൽ നിർദേശിച്ചു.
മറ്റു ചിലർ എയർലൈനിന് സുതാര്യതയില്ലെന്ന് വിമർശിച്ചു. സീറ്റ് കോൺഫിഗറേഷനെക്കുറിച്ച് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. മിക്ക അന്താരാഷ്ട്ര എയർലൈനുകളും സാധാരണയായി വിൻഡോ സീറ്റിൽ വിൻഡോ ഇല്ലെങ്കിൽ മുൻകൂട്ടി അറിയിക്കാറുണ്ട്. ‘ഇൻഡിഗോ ഇവിടെ കൂടുതൽ മികച്ചതായിരിക്കണം’ എന്ന് ഒരു ഉപയോക്താവ് കമൻ്റ് ബോക്സിൽ കുറിച്ചു.
നിങ്ങൾ ഒരു ഡ്രിൽ മെഷീനും ചുറ്റികയും കൊണ്ടുപോകണമെന്ന് മറ്റൊരാൾ തമാശ രൂപത്തിൽ കുറിച്ചു. സുരക്ഷാ കാരണങ്ങളാൽ വിൻഡോ മറച്ചിരിക്കുന്നുവെന്ന് മറ്റൊരാൾ കൂട്ടിച്ചേർത്തു. കൂടുതൽ സഹായം നൽകുന്നതിനായി തന്റെ വിമാന വിവരങ്ങൾ നേരിട്ടുള്ള സന്ദേശം വഴി പങ്കുവെക്കണമെന്ന് ഇൻഡിഗോയും അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടി നൽകി. എന്നിരുന്നാലും, വിൻഡോകളില്ലാത്ത വിൻഡോ സീറ്റുകളുടെ പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് എയർലൈൻ ഇതുവരെ ഔദ്യോഗിക മറുപടിയൊന്നും നല്കിയിട്ടില്ല.
Add Comment