India

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന ഗോരക്ഷ ഗുണ്ടകളുടെ ആക്രമണം ഡല്‍ഹിയിലിരുന്ന് നിയന്ത്രിക്കാന്‍ കഴിയില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന ഗോരക്ഷ ഗുണ്ടകളുടെ ആക്രമണം ഡല്‍ഹിയിലിരുന്ന് സുപ്രീം കോടതിക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ദേശീയ മഹിള ഫെഡറേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ചില സംസ്ഥാനങ്ങളുണ്ടാക്കിയ ഗോ സംരക്ഷണ നിയമങ്ങളുടെ സാധുത പരിശോധിക്കാനും സുപ്രീംകോടതി വിസമ്മതിച്ചു.

ഉത്തരവുകള്‍ ലംഘിച്ച് വ്യക്തികള്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയ്യിലെടുക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന അഡ്വ. നിസാമുദ്ദീന്‍ പാഷയുടെ വാദം ജസ്റ്റിസ് ബി ആര്‍ ഗവായ് അംഗീകരിച്ചില്ല. നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകള്‍ ആണെന്നും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിക്കിട്ടാന്‍ ഹൈക്കോടതികളെയാണ് സമീപിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യാസമായിരിക്കും. ചില സംസ്ഥാനങ്ങളില്‍ ഗോമാംസ ഉപയോഗം പതിവാണ്. ഡല്‍ഹിയിലിരുന്നുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ചെറിയ വിഷയങ്ങളും സൂക്ഷ്മമായി കൈകാര്യം ചെയ്യാനാവില്ലെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.