രാജ്കുമാർ സന്തോഷി രചനയും സംവിധാനവും ചെയ്ത് 1994-ൽ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് അന്ദാസ് അപ്ന അപ്ന. ആമിർ ഖാൻ, സൽമാൻ ഖാൻ, രവീണ ടണ്ടൻ, കരിഷ്മ കപൂർ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ ഏറ്റവും മികച്ച കോമഡി സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രത്തിന് ഒരു വലിയ കൾട്ട് ഫോളോയിങ് ഉണ്ട്. ഇപ്പോഴിതാ ചിത്രം റീ റിലീസ് ചെയ്യാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ചിത്രം ഏപ്രിലിൽ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തും. ഇത്തവണ 4K യിൽ ഡോൾബി 5.1 ശബ്ദത്തിന്റെ സഹായത്തോടെയാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. സിനിമയുടെ പുതിയ ടീസർ അണിയറപ്രവർത്തകർ നാളെ പുറത്തുവിടും. റിലീസ് ചെയ്ത് 31 വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. സിനിപോളിസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. പരേഷ് റാവൽ, ശക്തി കപൂർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. രാജ്കുമാർ സന്തോഷി, ദിലീപ് ശുക്ല എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ സിനിമ നിർമിച്ചത് വിനയ് കുമാർ സിൻഹ ആയിരുന്നു.
നേരത്തെ സൽമാൻ ഖാൻ ചിത്രമായ കരൺ അർജുൻ റീ റിലീസ് ചെയ്തിരുന്നു. രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖ് ഖാനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയാണിത്. കജോൾ, രാഖീ, മംമ്ത കുൽക്കർണി, അമരീഷ് പുരി, ജോണി ലെവർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. മികച്ച പ്രതികരണമാണ് റീ റിലീസിൽ സിനിമയ്ക്ക് ലഭിച്ചത്.
1995 ൽ റിലീസ് ചെയ്ത ‘കരണ്‍ അര്‍ജുന്‍’ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’ എന്ന സിനിമക്ക് ശേഷം രണ്ടാമത്തെ ഏറ്റവും വലിയ പണം വാരി പടമായിരുന്നു . ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. രാജേഷ് റോഷനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്.
Add Comment