കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിനിടെ വയനാടിൻ്റെ പ്രവേശന കവാടമായ ലക്കിടിയിൽ യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വാഹനം തടഞ്ഞ് പ്രതിഷേധിച്ച ഹർത്താൽ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.
പ്രതിദിനം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയാണ്. മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് കെ കെ അഹമ്മദ് ഹാജി, കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പ് എന്നിവര്‍ അറിയിച്ചു.
രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ നാലു പേര് വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ചയും വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ഫാര്‍മേഴ്സ് റീലീഫ് ഫോറവും ചേര്‍ന്നായിരുന്നു ഹര്‍ത്താല്‍ സംഘടിപ്പിച്ചത്.
Add Comment