Kerala

കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് മരണം

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് മരണം. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചതെന്നാണ് വിവരം. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ ഒരു ആന ഇടഞ്ഞു. ഈ ആന തൊട്ടടുത്ത് നിന്ന മറ്റൊരു ആനയെ കുത്തുകയും രണ്ട് ആനകളും ഇടഞ്ഞോടുകയുമായിരുന്നു. ഇതിനിടെ ആളുകള്‍ വീണുപോയി. ഉടന്‍ തന്നെ രണ്ട് ആനകളേയും പാപ്പാന്മാര്‍ എത്തി തളച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞതെന്നാണ് വിവരം. ആനയുടെ ആക്രമണത്തിൽ ക്ഷേത്ര ഓഫീസ് തകർന്നിട്ടുണ്ട്.

About the author

KeralaNews Reporter

Add Comment

Click here to post a comment