Tech

കൂടിക്കാഴ്ചയിൽ മോദിക്ക് വിലപ്പെട്ട സമ്മാനം നൽകി മസ്‌ക്

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡോജ് മേധാവിയും ടെസ്ല, സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാഷിങ്ടണ്ണില്‍ വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച. ബഹിരാകാശ പര്യവേഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിലായിരുന്നു ചര്‍ച്ച.

എന്നാല്‍ ഈ കൂടിക്കാഴ്ചക്കിടെ മസ്‌ക് മോദിക്ക് നല്‍കിയ സമ്മാനമാണ് നിരവധി പേരുടെ കണ്ണിലുടക്കിയിരിക്കുന്നത്. ബഹിരാകാശ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തിയ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് പേടകത്തില്‍ നിന്നുള്ള ഒരു ഹീറ്റ് ഷീല്‍ഡ് ടൈലാണ് മസ്‌ക് മോദിക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

ബഹിരാകാശ യാത്രക്കിടെയുണ്ടാകുന്ന താപനില വ്യതിയാനങ്ങളില്‍ നിന്ന് പേടകത്തെ സംരക്ഷിക്കാന്‍ സാധിക്കുന്നവയാണ് ഈ ഹീറ്റ് ഷീല്‍ഡുകള്‍. ഷഡ്ഭുജാകൃതിയിലുള്ള സെറാമിക് ടൈലുകളാണ് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ ഹീറ്റ് ഷീല്‍ഡിലുള്ളത്. സിലിക്ക അധിഷ്ടിതമായ സെറാമിക് കൊണ്ടാണ് ഈ ടൈലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സ്റ്റാര്‍ ലിങ്ക് ഉള്‍പ്പടെയുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട റെഗുലേറ്ററി വിഷയങ്ങളെ കുറിച്ച് ഇന്ത്യ നിര്‍ണായമായ ചര്‍ച്ചകള്‍ നടത്തുന്ന സമയത്താണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. വിവിധ മേഖലകളില്‍ ചര്‍ച്ച നടത്തിയെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചത്. ടെക്‌നോളജി, മൊബിലിറ്റി, ബഹിരാകാശ പര്യവേഷണം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ചയെന്നും മോദി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചു.