Kerala

യു.എൻ പ്രതിനിധി ചമഞ്ഞ് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച പ്രതി പിടിയിൽ

കൊച്ചി: വ്യാജ യു.എൻ പ്രതിനിധി ചമഞ്ഞ് ഫൈവ് സ്റ്റാർ ഹോട്ടലില്‍ താമസിച്ച്‌ ബില്ല് കൊടുക്കാതെ മുങ്ങുന്നതിനിടെ യുവാവ് പിടിയില്‍.

അഹമ്മദാബാദ് സ്വദേശി പർവേസ് മാലിക്കിനെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. മൂന്ന് ലക്ഷം രൂപയുടെ ഹോട്ടല്‍ ബില്ലടക്കാതെ മുങ്ങുന്നതിനിടയിലാണ് പർവേസ് പിടിയിലായത്.

ഇൻഫോപാർക്കിന് സമീപത്തെ നോവാറ്റെല്‍ എന്ന ഫൈവ് സ്റ്റാർ ഹോട്ടലില്‍ താമസിച്ചിരുന്ന പ്രതി 3,01,969 രൂപയുടെ ബില്ലടക്കാതെ മുങ്ങാൻ ശ്രമിക്കുകയായിരുന്നു. യു.എൻ. പ്രതിനിധിയാണ് താനെന്നും ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ജനുവരി 13ന് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തു താമസം തുടങ്ങിയത്. മുറി വാടകയും,ഭക്ഷണവും മദ്യവും കഴിച്ച വകയില്‍ 3,01,969/-രൂപ ബില്‍ അടക്കാതെ വന്നതിനെ തുടർന്ന്ഹോട്ടല്‍ ജീവനക്കാർക്ക് സംശയം തോന്നി.

തുടർന്ന് നോവാറ്റെല്‍ മാനേജർ അമിത് ഗോസായി ഇൻഫോപാർക്ക് പൊലീസിനെ സമീപിക്കുകയായിരുന്നു. ഒരുമാസം യാത്ര ചെയ്ത വകയില്‍ ഇയാള്‍ സ്വകാര്യ ട്രാവല്‍ ഏജൻസിക്ക് 76948 രൂപ നല്‍കാതെ കബളിപ്പിച്ചതായും പരാതിയുള്ളതായി ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ സജീവ്കുമാർ പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് പറഞ്ഞു.