Kerala

പകുതി വില തട്ടിപ്പില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണം

പാലക്കാട്: പകുതി വില തട്ടിപ്പില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണം. ജെഡിഎസ് പഞ്ചായത്ത് അംഗമായ പ്രീതി രാജന് മന്ത്രിയുടെ ഓഫീസില്‍ വെച്ചാണെന്ന് പണം കെെമാറിയതെന്ന് പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തിലെ പണം നഷ്ടമായ വീട്ടമ്മമാര്‍ ആരോപിക്കുന്നു. സീഡ് സൊസൈറ്റിയുടെ ചിറ്റൂര്‍ കോര്‍ഡിനേറ്ററാണ് പ്രീതി രാജന്‍. സര്‍ക്കാര്‍ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയതെന്നും തട്ടിപ്പില്‍ മന്ത്രിയുടെ പി എയ്ക്കും പങ്കുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.

‘മന്ത്രിയുടെ ഓഫീസില്‍വെച്ചാണ് പ്രീതി മാഡത്തിന് പൈസ കൊടുത്തത്. 60,000 രൂപ ഒന്നിച്ച് കൊടുത്തു. 2024 ഒക്ടോബര്‍ 19ാം തീയതിയാണ് പണം നല്‍കിയത്. മന്ത്രി ഓഫീസില്‍ വെച്ചാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളും വിശ്വസിച്ചുപോയി. പലിശയ്ക്ക് വാങ്ങിയ പണമാണ്. ഒരുപാട് സങ്കടമുണ്ട്. ഇങ്ങനെപെടുത്തുമെന്ന് അറിഞ്ഞില്ല. പലിശ കൊടുക്കാനോ വണ്ടി കിട്ടാനോ വഴിയില്ല. വണ്ടി വേണ്ട. പൈസ തിരികെ കിട്ടായാല്‍ മതി’, പണം നഷ്ടപ്പെട്ട വീട്ടമ്മ പ്രതികരിച്ചു.

‘സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിച്ചു. മൂന്നോ നാലോ പേര്‍ ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തിനകം വണ്ടികിട്ടുമെന്നാണ് പറഞ്ഞത്. വാര്‍ത്തകള്‍ അറിഞ്ഞ് തിരക്കിയപ്പോള്‍ പ്രചരിക്കുന്നത് ഫേക്ക് വാര്‍ത്തകളാണെന്ന് പറഞ്ഞു. വണ്ടിയോ പണമോ നിര്‍ബന്ധമായും കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു’, എന്നായിരുന്നു മറ്റൊരു വീട്ടമ്മയുടെ പ്രതികരണം.

എന്നാല്‍ മന്ത്രി ഇക്കാര്യം നിഷേധിച്ചു. അവരെ പറ്റിച്ചതായിരിക്കുമെന്നും പൊലീസില്‍ നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് കൃഷ്ണന്‍കുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടല്ലോ. അന്വേഷിക്കട്ടെ. കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുന്ന പരിപാടി ഇല്ല. പിഎയ്ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

അതിനിടെ പാലക്കാട് മുണ്ടൂരില്‍ നാഷണല്‍ യുവ കോപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് പണം നഷ്ടപ്പെട്ടവരുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. 276 പേരാണ് യുവ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പദ്ധതിയില്‍ ചേര്‍ന്നത്. ബിജെപിയുടെ നേതാക്കളുടെ നിയന്ത്രണത്തിലാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.