Kerala

പ്ലസ് വൺ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം; ക്ലർക്കിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പരുത്തിപ്പളളി ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. ആരോപണവിധേയനായ ക്ലർക്ക് ജെ സനലിനെ അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്. കൊല്ലം മേഖല അസിസ്റ്റന്റ് ഡയറക്ടറിന്റെയും പ്രിൻസിപ്പലിന്റെയും റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസമാണ് കാട്ടാക്കട കുറ്റിച്ചലിലെ പരുത്തിപ്പള്ളി വിഎച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെ സ്കൂളിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ക്ലർക്കുമായുണ്ടായ തർക്കമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രൊജക്ട് റിപ്പോർട്ടിൽ സീൽ വെയ്ക്കാൻ ക്ലർക്ക് സമ്മതിച്ചില്ലെന്നും ഇയാൾ കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് ശേഷം രക്ഷിതാക്കളെ കൂട്ടിവരാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെന്നും കുടുംബം ആരോപിച്ചു.

എന്നാൽ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്നായിരുന്നു ക്ലര്‍ക്ക് സനലിന്‍റെ പ്രതികരണം. ലീവെടുത്തത് മറ്റുചില ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നതെന്നും സനൽ പറഞ്ഞിരുന്നു.