Kerala

ശശി തരൂരിനെ പുകഴ്ത്തി സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പുകഴ്ത്തി സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. നാലു പാലര്‍മെന്റ് തിരഞ്ഞെടുപ്പ് വിജയിച്ച വിപ്ലവകാരിയാണ് തരൂര്‍, ലോകം അറിയുന്ന ബുദ്ധിജീവി, മഹാനായ ഡിപ്ലോമാറ്റ് ആണ് ശശി തരൂര്‍ എന്നും എ കെ ബാലന്‍ പറഞ്ഞു. സര്‍ക്കാരിനെ പ്രശംസിച്ചെഴുതിയ ലേഖനത്തിൻ്റെ പേരിൽ കോണ്‍ഗ്രസില്‍ നിന്നും മുസ്ലീം ലീഗില്‍ നിന്നും കടുത്ത വിമര്‍ശനം ശശി തരൂർ നേരിടുന്നതിനിടെയാണ് എ കെ ബാലന്റെ പ്രശംസ.

‘വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള കാര്യമാണ് ശശി തരൂര്‍ പറഞ്ഞത്. വസ്തുകള്‍ വെച്ച് തരൂരിനെ നേരിടട്ടെ. സംഭവത്തില്‍ യുഡിഎഫ് ആരോപണങ്ങള്‍ക്ക് ശശി തരൂര്‍ തന്നെ മറുപടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ആണ് ശശി തരൂര്‍ അടിസ്ഥാനമാക്കിയത്. അത് തന്നെ ശരിയല്ലെന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞത്. എന്തു വൃത്തികെട്ട സമീപനമാണി’തെന്നും എ കെ ബാലന്‍ ചോദിക്കുന്നു.

വിവരമുള്ള ആരും കോണ്‍ഗ്രസില്‍ വേണ്ട എന്നാണോ? കോണ്‍ഗ്രസ് നേതാക്കളും രണ്ടു കേന്ദ്ര മന്ത്രിമാരും തമ്മില്‍ എന്തു വ്യത്യാസമാണ് ഉള്ളത്. സര്‍ക്കാരിന് കയ്യടി കിട്ടരുതെന്ന ദുഷ്ട ലാക്കാണ് കോണ്‍ഗ്രസിന്. കേരളത്തിലുണ്ടാകുന്ന നേട്ടങ്ങളുടെ പിന്നില്‍ ഭരണപക്ഷവും പ്രതിപക്ഷവുമുണ്ട്. നേട്ടങ്ങള്‍ പറഞ്ഞാല്‍ ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നു കോണ്‍ഗ്രസിന് ആശങ്കയുണ്ട്. ശശി തരൂര്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും ഞങ്ങള്‍ക്ക് അഭിപ്രായവുമില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ എ ബാലന്‍ വിമര്‍ശിച്ചു. ഏറ്റവും കൂടുതല്‍ വ്യവസായങ്ങള്‍ അടച്ചു പൂട്ടിയത് കുഞ്ഞാലികുട്ടിയുടെ കാലത്താണ്. ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ തുടങ്ങിയത് രണ്ടു സ്വര്‍ണ്ണക്കടകകള്‍ മാത്രം. കുഞ്ഞാലിക്കുട്ടിയുടെ കാലത്തു അടച്ചു പൂട്ടിയത് 200 ഓളം വ്യവസായ സ്ഥാപനങ്ങളാണെന്നും എ കെ ബാലന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ ശശി തരൂര്‍ പ്രശംസിച്ചിരുന്നു.