Lifestyle

ഭർത്താവിന് ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും ഉപേക്ഷിക്കാനൊരുങ്ങി ഭാര്യ

ഭര്‍ത്താവിന് നല്ല ജോലിയും ശമ്പളവും ഒക്കെ ഉണ്ടെങ്കില്‍ ഏത് ഭാര്യയാണ് സന്തോഷിക്കാത്തത് അല്ലേ? പക്ഷേ ഇവിടെയിതാ ഒരു ഭാര്യ തന്റെ ടെക് ജീവനക്കാരനായ ഭര്‍ത്താവിനെ ഉപേക്ഷിക്കാനൊരുങ്ങുകയാണ്. അതിന് കാരണമെന്താണെന്നല്ലേ, ഭര്‍ത്താവ് തന്നെയാണ് ഇക്കാര്യം കാണിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ജോലിയില്‍ സ്ഥാനക്കയറ്റം നേടിയിട്ടും മൊത്തം ശമ്പളം 90,000ഡോളര്‍ അഥവാ 7.8 കോടി രൂപ വര്‍ധിച്ചിട്ടും ജീവനക്കാരന് തന്റെ വിജയത്തില്‍ വലിയ സന്തോഷം ഒന്നും തോന്നിയില്ല. ദിവസവും രാവിലെ 7 മണിക്ക് തുടങ്ങുന്ന മീറ്റിംഗും ജോലിയും എല്ലാം രാത്രി 9 മണിവരെയും ചിലപ്പോള്‍ അതിലും കൂടുതല്‍ സമയവും നീണ്ടുനില്‍ക്കും. ഇതിനിടയില്‍ വീട്ടില്‍ ചെലവഴിക്കാന്‍ ഇയാള്‍ക്ക് സമയം കിട്ടാറില്ല.

ഭാര്യയുടെ പ്രസവ സമയത്തോ മകള്‍ ജനിച്ച ശേഷമോ പോലും കൂടുതല്‍ സമയം അവരോടൊപ്പം ചെലവഴിക്കാനും സാധിച്ചില്ല. ഇതിനിടയില്‍ ഭാര്യക്ക് പ്രസവാനന്തര വിഷാദം ( പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍) ബാധിച്ചിരുന്നു. ഭാര്യക്ക് ഡോക്ടറെ കാണാന്‍ പോകേണ്ട ദിവസവും യുവാവിന് മീറ്റിംഗുമായി ബന്ധപ്പെട്ട് ജോലിസ്ഥലത്തേക്ക് പോകേണ്ടിവന്നു. ഒടുവില്‍ ഭാര്യ വിവാഹമോചനം തേടുകയായിരുന്നുവെന്നാണ് യുവാവ് പോസ്റ്റില്‍ പറയുന്നത്.

ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലരൊക്കെ സഹതാപം പ്രകടിപ്പിച്ചു. ‘ഭാര്യ പ്രസവിക്കുമ്പോള്‍ ദിവസം മുഴുവന്‍ മീറ്റിംഗില്‍ ഇരുന്ന നിങ്ങള്‍ക്ക് എന്ത് തരം ഭ്രാന്താണ്?’ എന്നാണ് ഒരു കമന്റ്. ‘എല്ലാത്തിനുമുപരി കുടുംബത്തിന് എപ്പോഴും മുന്‍ഗണന നല്‍കുക’ എന്ന് മറ്റൊരാള്‍ അഭിപ്രായം രേഖപ്പെടുത്തി. ‘ജോലിക്ക് മുന്‍ഗണന കൊടുത്തത് കൊണ്ടാണ് ഇത്രയും ശമ്പളം കിട്ടിയതെ’ന്നാണ് മറ്റൊരാള്‍ കുറിച്ചത്.