Kerala

ആനയുടെ വരുമാനം കിട്ടിയിട്ട് വേണോ ദേവസ്വത്തിന് മുന്നോട്ട് പോകാനെന്ന് ഹൈക്കോടതി

കൊയിലാണ്ടി മണക്കുളങ്ങരയില്‍ ആന ഇടഞ്ഞ് 3 പേർ മരിച്ച സംഭവത്തില്‍ വിമർശനവുമായി ഹൈക്കോടതി. ആനയുടെ പരിപാലനവും സുരക്ഷയും ഉടമകളായ ദേവസ്വത്തിന്‍റെ കടമയാണെന്ന് ഹൈക്കോടതി പറഞ്ഞു.

ആനകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് ലൈവ് സ്റ്റോക് ഇൻസ്പെക്‌ടറും വെറ്ററിനറി സർജനും റിപ്പോർട്ട് നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ ബുക്കിങ്ങ് സംബന്ധിച്ചും ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ആനകളെ തുടർച്ചയായി യാത്ര ചെയ്യിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി ഈ വരുമാനം കിട്ടിയിട്ട് വേണോ ദേവസ്വത്തിന് മുന്നോട്ടു പോവാനെന്നും ചോദിച്ചു. ആനകളുടെ ഭക്ഷണം രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതും കോടതിയുടെ വിമർശനത്തിന് വഴിവച്ചു. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനയെ നിർത്തുന്നത്. ആനകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിന് മുൻപ് കതിന പൊട്ടിക്കാൻ ആരാണ് അനുമതി നല്‍കിയതെന്നും കോടതി ആരാഞ്ഞു.