India

ന്യൂഡ‍ൽഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ മരിച്ച സംഭവം; റെയിൽവെയെ വെട്ടിലാക്കി ആർപിഎഫ് റിപ്പോർട്ട്

ന്യൂഡൽഹി: ന്യൂഡ‍ൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്കിൽപ്പെട്ട് യാത്രക്കാർ മരിച്ച സംഭവത്തിൽ റെയിൽവെയെ വെട്ടിലാക്കി റെയിൽവെ പ്രോട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) റിപ്പോർട്ട്. പ്രയാഗ് രാജിലേക്കുള്ള പ്രത്യേക ട്രെയിൻ പെട്ടെന്ന് അനൗൺസ് ചെയ്തത് തിക്കിനും തിരക്കിനും കാരണമായത്. 16 -ാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് പ്രത്യേക ട്രെയിൻ എത്തും എന്നായിരുന്നു അറിയിപ്പ്. 12-13 , 14-15 പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന യാത്രക്കാർ ഇതോടെ 16 ആം പ്ലാറ്റ്‌ഫോമിലേക്ക് ഓടി. ആളുകൾ കൂട്ടമായി ഓടിയത് തിക്കും തിരക്കും ഉണ്ടാക്കിയതാണ് അപകടകാരണമെന്നാണ് ആർപിഎഫ് റിപ്പോർട്ട്.

അപകടം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറ പ്രവർത്തനരഹിതമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അപകടത്തിന്റെ ദൃശ്യങ്ങളൊന്നും ലഭ്യമല്ല. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ആർ‌പി‌എഫിന് 270 ജീവനക്കാരാണുളളത്. പ്രയാഗ്‌രാജിലേക്ക് ജനക്കൂട്ട നിയന്ത്രണ ഡ്യൂട്ടിക്ക് അയച്ചതിനാൽ 80 പേർ മാത്രമേ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 16-നാണ് തിക്കിലും തിരക്കില്‍പ്പെട്ട് ​ഡൽഹി റെയിൽവെ സ്റ്റേഷനിൽ 18 പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിരക്കുണ്ടായതെന്ന റിപ്പോർട്ട് അന്വേഷണ സംഘം നേരത്തെ നൽകിയിരുന്നു. പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ജനറല്‍ ടിക്കറ്റ് വിതരണം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഓരോ മണിക്കൂറിലും 1,500 നടുത്ത് ജനറല്‍ ടിക്കറ്റുകള്‍ വിറ്റുവെന്നായിരുന്നു വിവരം.