India

ഏഴ് മാസം പ്രായമായ കുട്ടിയെപീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ

കൊല്‍ക്കത്ത: ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ.

കൊല്‍ക്കത്തയിലെ പ്രത്യേക പോക്സോ കോടതിയാണ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച്‌ പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. പിഞ്ചുകുഞ്ഞിനെ ക്രൂരത കാണിച്ച 34 കാരനായ രാജീബ് ഘോഷിനാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയായത്. കുട്ടിയെ കാണാതായ ഉടൻ തന്നെ മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. സ്വന്തം വീട്ടില്‍ നിന്നാണ് കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. ശുചീകരണ തൊഴിലാളിയായ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചതിന് ശേഷം ഫൂട്ട് പാത്തില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ച്‌ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് മനസിലായത്. കുട്ടിയുടെ ദേഹത്ത്, സ്വകാര്യ ഭാഗങ്ങളിലുള്‍പ്പെടെ മുറിവുകളും ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ രാത്രിയിലെ സിസിടിവി ദൃശ്യങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇതില്‍ നിന്ന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞതുമില്ല. എന്നാല്‍ ദൃശ്യങ്ങളില്‍ നിന്ന് പ്രതിക്ക് മുടന്തുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതാണ് കേസില്‍ പ്രതിയെ തിരിച്ചറിയാൻ പൊലീസിന് ഏറെ സഹായകരമായത്. ജാർഗാമിലെ ഗോപി ബല്ലാവൂരിലെ ഒരു റിസോർട്ടില്‍ നിന്നാണ് രാജീബ് ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

About the author

KeralaNews Reporter

Add Comment

Click here to post a comment