കേരളത്തിലെ നിക്ഷേപക സൗഹൃദാന്തരീക്ഷവും അവസരങ്ങളും സാദ്ധ്യതകളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി നാളെ കൊച്ചിയില്‍ ആരംഭിക്കും.
രണ്ടുദിവസം നീളുന്ന ചർച്ചകളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണസമയവും പങ്കെടുക്കും. വിദേശികള്‍ ഉള്‍പ്പെടെ മൂവായിരം പേർ പങ്കെടുക്കും.
ലുലു ബോള്‍ഗാട്ടി ഇന്റർനാഷണല്‍ കണ്‍വെൻഷൻ സെന്ററില്‍ നാളെ രാവിലെ 10ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകുന്ന ചടങ്ങല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിൻ ഗഡ്കരി ഓണ്‍ലൈനില്‍ സംസാരിക്കും. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവർ പങ്കെടുക്കും.യു.എ.ഇ സാമ്ബത്തിക മന്ത്രി അബ്ദുള്ള ബിൻ തുക് അല്‍മാരി, ബഹ്റൈൻ വാണിജ്യവ്യവസായമന്ത്രി അബ്ദുള്ള ബിൻ അദെല്‍ ഫഖ്രു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, വ്യവസായിയും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ എം.എ. യൂസഫലി തുടങ്ങിയവർ സംസാരിക്കും. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, 26 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍, ബിസിനസ് നയകർത്താക്കള്‍ തുടങ്ങിയവർ പങ്കെടുക്കും. 28 പ്രത്യേക സെഷനുകള്‍, ആറ് രാജ്യങ്ങളുടെ സഹകരണം എന്നിവയുണ്ടാകും.
‘കേരളം: ചെറിയ ലോകവും വലിയ സാദ്ധ്യതകളും” എന്ന വിഷയം വ്യവസായവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അവതരിപ്പിക്കും. സ്റ്റാർട്ടപ്പ് ഇന്നവേഷൻ പ്രോത്സാഹനം, മെഡിക്കല്‍ എക്‌സലൻസ്, ആയുർവേദ സൗഖ്യചികിത്സ, സമുദ്രോത്പന്ന മേഖല, ഓട്ടോമോട്ടീവ് ടെക്‌നോളജി ഇന്നവേഷൻ, തുറമുഖ കേന്ദ്രീകൃത അതിദ്രുത വികസനം, ഒരു ട്രില്യണ്‍ സമ്ബദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പാത, കപ്പല്‍നിർമ്മാണത്തിലെ അവസരങ്ങള്‍,പരമ്ബരാഗത മേഖലയുടെ ശാക്തീകരണം, സുസ്ഥിര ഊർജ്ജ അവസരം, മൂല്യവർദ്ധിത തോട്ടം മേഖല, എയ്റോസ്‌പേസ്-ഡിഫൻസ് ഇന്നവേഷൻ,ഐ.ടി വ്യവസായ സാദ്ധ്യതകള്‍, ഉത്തരവാദിത്ത ടൂറിസം വ്യവസായം, മൂല്യവർദ്ധിത ഭക്ഷ്യസംസ്‌കരണം, ബാങ്കിംഗ് ഫിൻടെക് ഡിജിറ്റല്‍ ഇന്നവേഷൻ, മെഡിക്കല്‍ ഡിവൈസ് ഹബ്ബായി കേരളം, ഐ.ടി അടിസ്ഥാനസൗകര്യം, ഇന്നവേറ്റിംഗ് ഫ്യൂച്ചർ ട്രാൻസ്‌ഫോമിംഗ് ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് ആൻഡ് എൻജിനീയറിംഗ്, റിയല്‍ എസ്റ്റേറ്റ്, ചില്ലറ വില്പന മേഖല തുടങ്ങി 22 മുൻഗണനാ മേഖലകള്‍ അടിസ്ഥാനമാക്കി രണ്ടുദിവസം പാനല്‍ ചർച്ചകള്‍ നടക്കുമെന്ന് മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
Add Comment