Politics Kerala

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ ആർഷോയ്ക്ക് വിമർശനം

തിരുവനന്തപുരം: എസ്.എഫ്.ഐ.യില്‍ രാഷ്ട്രീയ മൂല്യച്യുതിയുണ്ടായിട്ടുണ്ടെന്നും അത് സംസ്ഥാനനേതാക്കളില്‍നിന്നുതന്നെ തുടങ്ങുന്നുവെന്നും സംസ്ഥാന സമ്മേളനത്തില്‍ വിമർശനം.

സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ പ്രവർത്തനരീതികള്‍ക്കെതിരേയും ചർച്ചയില്‍ കടുത്ത വിമർശനമുയർന്നു.

വേണ്ടത്ര രാഷ്ട്രീയധാരണയും പക്വതയുമില്ലാതെയാണ് സാമൂഹികമാധ്യമങ്ങളില്‍ നേതാക്കളുടെ പ്രതികരണം. പ്രകോപനപരമായ ഭാഷയില്‍ ആർഷോ പ്രതികരിക്കുന്നത് ഒരു നേതാവിനു ചേർന്നതല്ല. തൃശ്ശൂർ കലോത്സവത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട ആർഷോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഉദാഹരണമാക്കിയായിരുന്നു ഈ വിമർശനം. സമരങ്ങളില്‍ ആളെ കൂട്ടാനായി മാത്രം വിദ്യാർഥികളെ നിർബന്ധിച്ചു കൊണ്ടുപോകരുതെന്നും ചർച്ചയില്‍ അഭിപ്രായമുയർന്നു.

കാംപസുകളിലെ ഏക വിദ്യാർഥിസംഘടന എന്ന ദുഷ്പേരും നിലവിലുണ്ട്. എന്നാല്‍, എസ്.എഫ്.ഐ. എല്ലാ സീറ്റുകളിലും ജയിക്കുന്ന കോളേജുകളിലും കെ.എസ്.യു.വും എ.ബി.വി.പി.യുമൊക്കെ മത്സരിക്കുന്നുണ്ട്. പക്ഷേ, എസ്.എഫ്.ഐ.യുടെ സമ്ബൂർണ ആധിപത്യമെന്നാണ് പ്രചാരണം.

റാഗിങ് കേസുകളില്‍ എസ്.എഫ്.ഐ.ക്കാർ ഉള്‍പ്പെടുന്നതും സമ്മേളനത്തില്‍ വിമർശിക്കപ്പെട്ടു. മിക്കതിലും എസ്.എഫ്.ഐക്കു ബന്ധമില്ല. അതേസമയം, സംഘടനാബോധമില്ലാത്ത പ്രവർത്തകർ റാഗിങ്ങില്‍ ഉള്‍പ്പെടുന്നുവെന്നത് യാഥാർഥ്യമാണ്. ഇതു സംഘടനയെ ബാധിച്ചു. രക്ഷിതാക്കള്‍ക്കിടയിലും എസ്.എഫ്.ഐ.ക്ക് അവമതിപ്പുണ്ടാക്കി. ഇത്തരം പ്രവണതകളില്‍ നിന്ന് പ്രവർത്തകർ മാറിനില്‍ക്കണമെന്നും റാഗിങ്, ലഹരി എന്നിവയ്ക്കെതിരേ മുന്നിട്ടിറങ്ങണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

സ്വകാര്യ സർവകലാശലകള്‍ക്ക് അനുമതി നല്‍കാനുള്ള സർക്കാർ തീരുമാനത്തില്‍ കൃത്യതയോടെ പ്രതികരിക്കാൻ നേതൃത്വത്തിനു കഴിഞ്ഞില്ല എന്നാണ് വിമർശനം. മുൻപ് സ്വാശ്രയ കോേളജ് വിഷയത്തിലടക്കം സമരമേറ്റെടുത്ത സംഘടനയാണിത്. അതിനാല്‍, പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന നിലയില്‍ സ്വകാര്യ സർവകലാശാലയില്‍ നിലപാടെടുക്കാനാവണം. ചർച്ചയില്‍ ആവശ്യമുയർന്നു.