രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ മറികടന്ന് ഫൈനലിലേക്ക് മുന്നേറിയ കേരള ടീമിന് അഭിനന്ദനങ്ങളുമായി ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ. പത്തുവർഷങ്ങൾക്ക് മുമ്പ് നമ്മൾ കണ്ട സ്വപനത്തിലേക്ക് ഒരു സ്റ്റെപ് മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അത് നമ്മൾ കടന്ന് കിരീടം നേടുമെന്നും സഞ്ജു ആശംസിച്ചു.
2019 ൽ കേരളം ആദ്യമായി രഞ്ജി ട്രോഫി ചരിത്രത്തിൽ സെമിയിലെത്തിയപ്പോൾ അന്ന് മുന്നിൽ നിന്ന് നയിക്കാൻ സഞ്ജുവുണ്ടായിരുന്നു. എന്നാൽ അന്ന് വിദർഭയോട് തോറ്റ് മടങ്ങേണ്ടി വന്നു. അതേ സമയം പരിക്കുമൂലം ക്വാർട്ടർ ഫൈനലിൽ നിന്നും സെമി ഫൈനലിൽ നിന്നും വിട്ടുനിന്നിരുന്ന സഞ്ജു സാംസൺ ഫൈനലിലും കളിക്കില്ല.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ട് കൈവിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സഞ്ജുവിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാൽ താരത്തിന്റെ അഭാവം കേരളത്തിന് വലിയ വെല്ലുവിളിയാകില്ല എന്നാണ് വിലയിരുത്തൽ.
ഈ സീസണിൽ സകളിച്ച ഒന്നോ രണ്ടോ രഞ്ജി മത്സരങ്ങളിലും കാര്യമായ സംഭാവന നൽകാൻ താരത്തിനായിരുന്നില്ല. താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കേരളത്തിന് വേണ്ടി പാഡണിഞ്ഞിരുന്നുവെങ്കിലും മികവ് പുലർത്താനായിരുന്നില്ല. ഏകദിന ഫോർമാറ്റിലുള്ള വിജയ് ഹസാരെ ട്രോഫിയിൽ നിന്നാകട്ടെ വിട്ടുനിൽക്കുകയും ചെയ്തു. ഫൈനൽ കടമ്പയും കടന്ന് കേരളത്തിന് കിരീടം നേടാനായാൽ 91 വർഷത്തെ രഞ്ജി ചരിത്രത്തിലെ കേരളത്തിന്റെ ആദ്യ കിരീടം കൂടിയാവും. ഗുജറാത്തിനെതിരെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡെടുത്താണ് കേരളം ഫൈനലിലേക്ക് മാർച് ചെയ്തത്.
Add Comment