Politics

ഹരിവംശിന്റെ ചായ നിരസിച്ച്‌ എംപിമാർ

ന്യൂഡൽഹി
കർഷകദ്രോഹ ബില്ലുകൾ വോട്ടെടുപ്പ് കൂടാതെ പാസാക്കാൻ സർക്കാരിന് കൂട്ടുനിന്ന രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്ങിന്റെ ചായവാഗ്ദാനം നിരസിച്ച് സസ്പെൻഷനിലായ എംപിമാർ. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ അനിശ്ചിതകാല സമരമിരുന്ന എംപിമാർക്ക് ചായയുമായി രാവിലെയാണ് ഹരിവംശ് എത്തിയത്. മാധ്യമപ്രവർത്തകരെയും മറ്റും കൂട്ടിയുള്ള വരവ് ‘നാടക’മാണെന്ന് ബോധ്യപ്പെട്ട എംപിമാർ ചായവാഗ്ദാനം നിരസരിച്ചു.

തന്റേത് അനൗപചാരിക സന്ദർശനംമാത്രമാണെന്നും അതുകൊണ്ട് ഔദ്യോഗിക വാഹനം എടുക്കാതെയാണ് വന്നതെന്നും ഹരിവംശ് പറഞ്ഞു. അനൗപചാരിക സന്ദർശനമാണെങ്കിൽ എന്തിനാണ് മാധ്യമപ്രവത്തകരെ ഒപ്പം കൂട്ടിയതെന്ന എംപിമാരുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല. മൂന്ന് ക്യാമറയാണ് രാജ്യസഭാ ഉപാധ്യക്ഷൻ ചായ വിളമ്പുന്നത് പകർത്താനെത്തിയത്.

തൊട്ടുപിന്നാലെ രാജ്യസഭാ ഉപാധ്യക്ഷന്റെ ‘മഹാമനസ്കതയെ’ വാഴ്ത്തി പ്രധാനമന്ത്രി മോഡിയുടെ ട്വീറ്റ് വന്നു. ഹരിവംശ് നടത്തിയത് നാടകംമാത്രമായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റോടെ തെളിഞ്ഞതായി സസ്പെൻഷനിലുള്ള എംപിമാർ പറഞ്ഞു.