ബെംഗളൂരു: ബഹുനില കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടി സ്ഥാപിച്ച തൂണ്‍ തകര്‍ന്ന് ദേഹത്തേയ്ക്ക് വീണ് 15കാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് സംഭവം. വി വി പുരത്ത് നിര്‍മാണം നടക്കുകയായിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നാണ് തൂൺ വീണത്. വി വി പുരത്തെ വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും കെംപഗൗഡ നഗര്‍ സ്വദേശിനിയുമായ തേജസ്വിനി റാവുവാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടമുണ്ടായത്. നാഷണല്‍ കോളേജ് മെട്രോ സ്‌റ്റേഷന് സമീപമുള്ള നാഷണല്‍ ഹൈസ്‌കൂള്‍ റോഡിലേക്കാണ് തൂൺ തകര്‍ന്ന് വീണത്. ഈ സമയം സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് പോകുകയായിരുന്നു തേജസ്വിനി. തൂൺ തകർന്ന് കുട്ടിയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഏറെ നേരം തൂണിനടിയിൽ പെൺകുട്ടി കുടുങ്ങിക്കിടന്നു. നാട്ടുകാർ ചേർന്ന് പെൺകുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ തേജസ്വിനിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Add Comment