Kerala

സേവനപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്ന മഹത് വ്യക്തിത്വം; അനുശോചിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുവിശേഷക്കാരില്‍ സ്വര്‍ണ്ണനാവുകാരന്‍ എന്നറിയപ്പെടുന്ന തിരുമേനി സേവനപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്ന മഹത് വ്യക്തിത്വമായിരുന്നു. ജാതി-മത ചിന്തകള്‍ക്കപ്പുറം എല്ലാവരെയും ഒരു പോലെ കാണാനും ഇടപെടാനും ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് കഴിഞ്ഞിരുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 50 വര്‍ഷക്കാലം സഭയെ നയിച്ച സഭാധ്യക്ഷനാണ് വിടപറഞ്ഞിരിക്കുന്നത്.

1929 ജൂലൈ 22 ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1958 ഒക്ടോബര്‍ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ല്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബര്‍ 27ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായി.

പ്രതിസന്ധിഘട്ടങ്ങളില്‍ സഭയെ മുന്നോട്ട് നയിച്ച ഊര്‍ജവും ശക്തിയുമായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചു. പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ടത് ബാവയാണ്. വൈദികന്‍, ധ്യാനഗുരു, സുവിശേഷപ്രസംഗകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തി. യാക്കോബായ സഭയുടെ അവകാശപ്പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു.