തൃശ്ശൂർ: തൃശ്ശൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പല്ലൻവീട്ടിൽ 48 വയസ്സുള്ള പ്രവീൺ, അമ്മ 78 വയസ്സുള്ള മെറീന എന്നിവരാണ് മരിച്ചത്. തൃശ്ശൂർ നഗരത്തിലെ എരിഞ്ഞേരി അങ്ങാടിയിൽ ആണ് സംഭവം.
വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ പ്രദേശത്തുള്ളവർ നടത്തിയ പരിശോധനയിലാണ് മരണവിവരം അറിയുന്നത്. ഉടൻ തൃശ്ശൂർ ഈസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ വീടിന്റെ എല്ലാ വാതിലുകളും അകത്തുനിന്നും പൂട്ടിയ നിലയിലാണ്.
മുറിക്കുള്ളിൽ കട്ടിലിൽ കിടക്കുന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വാതിലുകൾ അകത്തുനിന്നും പൂട്ടിയ നിലയിൽ ആയതിനാൽ ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. പ്രവീണിന്റെ സഹോദരൻ വിദേശത്തും, സഹോദരി തൃശ്ശൂരിൽ മറ്റൊരിടത്തും താമസിക്കുകയാണ്. പ്രവീണും മെറീനയും മാത്രമാണ് ഈ വീട്ടിൽ താമസം. മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കമുള്ളതായാണ് കരുതുന്നത്. അതേസമയം പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു.
Add Comment