Local

സ്കൂട്ടറിനു പിന്നിൽ ക്രെയിനിടിച്ച് നവവധുവിന് ദാരുണാന്ത്യം

പെരിന്തല്‍മണ്ണ: സ്കൂട്ടറില്‍ ക്രെയിനിടിച്ച്‌ ബി.എസ്.സി നഴ്സിങ് വിദ്യാർഥിനിക്ക് നവവരന്റെ കണ്‍മുന്നില്‍ ദാരുണാന്ത്യം.

പെരിന്തല്‍മണ്ണ പാണമ്ബി സ്വദേശി പുളിക്കല്‍ നജീബിന്റെയും ഫജീലയുടെയും മകള്‍ നേഹയാണ് (21) മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പെരിന്തല്‍മണ്ണ കോഴിക്കോട് റോഡില്‍ ജൂബിലി റോഡ് ജങ്ഷനിലാണ് അപകടം. മലപ്പുറം പൂക്കോട്ടൂരിലെ പാറഞ്ചേരി വീട്ടില്‍ അഷർ ഫൈസലുമായി കഴിച്ച ഞായറാഴ്ചയായിരുന്നു നേഹയുടെ നിക്കാഹ്. ഇരുവർക്കും നേഹയുടെ പിതൃസഹോദരിയുടെ വെട്ടത്തൂർ കാപ്പിലെ വീട്ടില്‍ വെള്ളിയാഴ്ച സല്‍ക്കാരം ഒരുക്കിയിരുന്നു. അല്‍ഷിഫ നഴ്സിങ് കോളജില്‍ മൂന്നാം വർഷ ബി.എസ് സി നഴ്‌സിങ് വിദ്യാർഥിനിയായ നേഹയെ, അഷർ ഫൈസല്‍ കോളജിലെത്തി കൂട്ടിക്കൊണ്ടുപോയി സല്‍ക്കാരം കഴിഞ്ഞ് കോളജില്‍തന്നെ കൊണ്ടുവിടാനെത്തിയപ്പോഴാണ് അപകടം.

അപകടം നടന്ന ഭാഗത്ത് ഡിവൈഡറുള്ളതിനാല്‍ വേഗംകുറച്ച്‌ തിരിക്കാനിരിക്കെയാണ് പിന്നില്‍ അമിതവേഗത്തിലെത്തിയ ക്രെയിൻ സ്കൂട്ടറിലിടിച്ചത്. റോഡില്‍ തെറിച്ചുവീണ നേഹ ക്രെയിനിന്റെ അടിയില്‍പെടുകയായിരുന്നു. അഷർ ഫൈസല്‍ മറുഭാഗത്തേക്കും വീണു. ഗുരുതര പരിക്കേറ്റ നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മിനിറ്റുകള്‍ക്കകം മരിച്ചു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. നിയ, സിയ എന്നിവരാണ് നേഹയുടെ സഹോദരിമാർ.