വടകര: നാദാപുരം ചിയ്യൂരിൽ ഭർത്താവിന്റെ വെട്ടേറ്റ് ഗർഭിണിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. നരിപ്പറ്റ സ്വദേശി കിണറുള്ള പറമ്പത്ത് മൊയ്തുവിന്റെ മകൾ ഷംന (26) യ്ക്കാണ് തെരുവംപറമ്പ് ചിയ്യൂരിലെ ഭർതൃവീട്ടിൽ വെച്ച് വെട്ടേറ്റത്. അക്രമത്തിന് ശേഷം ഭർത്താവ് ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു.
സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോയാണ് സംഭവം. ഷംനയുടെ വയറിനും കൈക്കുമാണ് വെട്ടേറ്റത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ഉടൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
പിന്നീട് വടകരയിലെ ആശുപത്രിയിലും അവിടെ നിന്നും രാത്രി വൈകി വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റി. രണ്ട് മാസം ഗർഭിണിയാണ് ഷംന. നാദാപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആശുപത്രിയിൽ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിനായി പോലീസ് തെരച്ചിൽ നടത്തുകയാണ്.
Add Comment