Kerala

വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; മകനെ കെണിയില്‍പ്പെടുത്തിയതെന്ന് രതിന്റെ അമ്മ

വയനാട്: വയനാട് പനമരത്ത് ആദിവാസി യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് അമ്മയും സഹോദരിയും. മകനെ കെണിയില്‍പ്പെടുത്തിയതാണെന്ന് രതിന്റെ അമ്മ പറഞ്ഞു. മകനെ ഫോണ്‍ വിളിച്ചപ്പോള്‍ കെണിയില്‍പ്പെട്ടു എന്ന് പറഞ്ഞു. പൊലീസ് വണ്ടി പിടിച്ചുവെച്ചു എന്നും മകന്‍ പറഞ്ഞതായി രതിന്റെ അമ്മ ശാരദ പറഞ്ഞു.

സംഭവ ദിവസം രാവിലെ പത്തരയോടെ സുഹൃത്തുക്കളെ കാണാനുണ്ട് എന്ന് പറഞ്ഞാണ് രതിന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. രണ്ട് മണിയോയപ്പോള്‍ അവന്‍ വിളിച്ച് താനൊരു കെണിയില്‍പ്പെട്ടു എന്ന് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ വണ്ടി പിടിച്ചുവെച്ചുവെന്നും പറഞ്ഞു. അവനോട് തിരിച്ചുവരാനും പരിഹാരം കാണാമെന്നും പറഞ്ഞു. ഇതിനിടെ തനിക്ക് തീരെ വയ്യാതായി. താനും അമ്മയും സഹോദരന്റെ വീട്ടിലേയ്ക്ക് പോയി. ആ സമയം രതിന്‍ അവിടേയ്ക്ക് വന്ന് ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു. അതിന് ശേഷം അവന്‍ പോയി. പിന്നീട് താന്‍ സ്വന്തം വീട്ടിലേയ്ക്ക് വന്നു. നാല് മണിയായപ്പോള്‍ അവന്‍ വീണ്ടും വന്നു. ഓട്ടം ഉണ്ടെന്നു പറഞ്ഞാണ് പോയത്. വണ്ടി പൊലീസ് പിടിച്ചുവെച്ചതാണല്ലോ എന്ന് താന്‍ ആലോചിച്ചതാണ്. ഒരു ഏഴ് മണിയായപ്പോള്‍ അവനെ വിളിച്ചു. ഫോണ്‍ എടുത്തില്ല. പിന്നീട് താന്‍ അറിയുന്നത് അവന്റെ മരണവിവരമാണ്. തന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത് മകനാണ്. അവന് വേണ്ടിയാണ് ഇത്രയും നാള്‍ ജീവിച്ചത്. സഹോദരങ്ങളും മകളുമൊക്കെയുണ്ടെങ്കിലും അവന്‍ ഇനി തനിക്കൊപ്പമില്ല. താന്‍ അനാഥയായി. മകനെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടുപിടിക്കണം. മകന് നീതി ലഭിക്കണമെന്നും രതിന്റെ അമ്മ പറഞ്ഞു.

പൊലീസ് പല കാര്യങ്ങളും മറയ്ക്കുന്നുണ്ടെന്നായിരുന്നു രതിന്റെ സഹോദരി പറഞ്ഞത്. പോക്‌സോ കേസ് എടുക്കാതെ അവന്‍ ആ വാക്ക് വീഡിയോയില്‍ പറയില്ലെന്ന് സഹോദരി പറഞ്ഞു. രതിന്റെ മരണത്തിന് പിന്നാലെ അവനുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ലഭിച്ചോ എന്ന് കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തി ബന്ധുക്കള്‍ ചോദിച്ചിരുന്നു. അങ്ങനെ പരാതി ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറഞ്ഞത്. പിന്നീട് അന്വേഷിച്ചപ്പോള്‍ അങ്ങനെ സംഭവമുണ്ടെന്നും പെറ്റി അടച്ച് വിട്ടു എന്നുമാണ് പറഞ്ഞത്. പൊലീസ് ആദ്യം ഇക്കാര്യം പറയാതിരുന്നതില്‍ ദുരൂഹതയുണ്ട്. കേസെടുത്തതില്‍ രതിന്‍ മാനസികമായി തകര്‍ന്നിരുന്നു. അവന് മര്‍ദനമേറ്റതായി സംശയിക്കുന്നുണ്ടെന്നും സഹോദരി പറഞ്ഞു. അവന്റെ ചുണ്ടില്‍ ക്ഷതമേറ്റതിന്റെ പാടുണ്ട്. വീട്ടില്‍ നിന്ന് പോയപ്പോള്‍ അത് ഉണ്ടായിരുന്നില്ലെന്നും സഹോദരി പറഞ്ഞു.