Kerala

തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണു; തമിഴ്‌നാട് സ്വദേശി വേദന കടിച്ചമർത്തി കിടന്നത് മണിക്കൂറുകൾ

പാലക്കാട്: തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണ തമിഴ്‌നാട് സ്വദേശി വേദന കടിച്ചമർത്തി കിടന്നത് മണിക്കൂറുകൾ. സേലം സ്വദേശി ശരത്കുമാ(29)റാണ് തീവണ്ടിയിൽനിന്ന് വീണ് പരിക്കേറ്റ് നാല് മണിക്കൂർ പാളത്തിനരികെ കിടന്നത്. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശരത്കുമാർ.

ഞായറാഴ്ച പുലർച്ചെ 2.30-ഓടെ ബെംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസിൽ നിന്നാണ് ശരത് വീണത്. എറണാകുളത്തുനിന്ന് സേലത്തേക്ക് പോവുകയായിരുന്നു ഇയാൾ. പാലക്കാട് ഐഐടിക്ക് സമീപം പന്നിമടയിലാണ് വീണുപോയത്. നേരം പുലർന്നുതുടങ്ങിയപ്പോൾ ഉറക്കെ ശബ്ദമുണ്ടാക്കുന്നത് കേട്ട് സമീപത്തെ വീട്ടുകാർ എത്തി തന്നെ രക്ഷിക്കുകയായിരുന്നുവെന്ന് ശരത്കുമാർ പറഞ്ഞു.

രാവിലെ ആറോടെയാണ് കഞ്ചിക്കോട് അഗ്നിരക്ഷാസേന വിവരം അറിഞ്ഞത്. ഉടനെ ശരത്കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.